പുന്നാംപറമ്പ് പൂരം പൂത്തിറങ്ങി

ശ്രീകൃഷ്ണപുരം: മണ്ണിലും വിണ്ണിലും വര്‍ണം വിതറി പുന്നാംപറമ്പ് നാലിശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം പൂത്തിറങ്ങി. വൈകീട്ട് അഞ്ചോടെ മണ്ണമ്പറ്റ തോട്ടര വടക്കന്‍ പൂരം, കിഴക്കന്‍ പൂരം, ഊട്ടുപുര പടിഞ്ഞാറന്‍ പൂരം, കോടര്‍മണ്ണ പടിഞ്ഞാറന്‍ പൂരം, പുളിങ്കാവ് പടിഞ്ഞാറന്‍പൂരം, മമ്പള്ളി മഹാവിഷ്ണു ക്ഷേത്ര പടിഞ്ഞാറന്‍ പൂരം തുടങ്ങിയ ദേശ പൂരങ്ങള്‍ പൂരപറമ്പില്‍ നിരന്നു. ആലവട്ടവും വെഞ്ചാമരവും വീശി 28 ഗജവീരന്മാര്‍കൂടി അണിനിരന്നതോടെ വള്ളുവനാടന്‍ പൂരക്കാഴ്ച ദൃശ്യ വിസ്മയമായി. തിറയും പൂതനും കരിവേലകളും പൂക്കാവടിയും വേഷങ്ങളും ഉത്സവത്തിന് നിറം ചാര്‍ത്തി. കാളക്കളി ഉത്സവപ്രേമികളുടെ ആവേശം നാനോളമുയര്‍ത്തി. പഞ്ചവാദ്യവും ബാന്‍ഡ് മേളവും ഉത്സവത്തിന് ഹരം പകര്‍ന്നു. ചെര്‍പ്പുളശ്ശേരി ശേഖരന്‍, ഗുരുവായൂര്‍ വലിയ കേശവന്‍, മംഗലംകുന്ന് ഗണപതി, മുണ്ടക്കല്‍ ശ്രീനന്ദന്‍, പാറമേക്കാവ് പത്മനാഭന്‍, വലിയ വീട്ടില്‍ ഗണപതി എന്നിവ വിവിധ പൂരങ്ങള്‍ക്ക് തിടമ്പേറ്റി. പകല്‍ പൂരത്തിനുശേഷം വേല ഇറക്കല്‍, കമ്പം കത്തിക്കല്‍, വെടിക്കെട്ട് എന്നിവയുണ്ടായി. കാഞ്ഞൂര്‍ നാട്ടുപൊലിമ അവതരിപ്പിച്ച നാവോറ് നാടന്‍പാട്ട് അസ്വാദകരുടെ മനം കവര്‍ന്നു. രാത്രിപൂരം, കാളക്കളി എന്നിവയുമുണ്ടായി. ശനിയാഴ്ച ആറാട്ടോടെ പൂരം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.