നഗരസഭാ ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണം പുനരാരംഭിക്കുന്നത് വൈകിയേക്കും

ഒറ്റപ്പാലം: നഗരസഭ ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണം പുനരാരംഭിക്കുന്നത് തദ്ദേശഭരണ വകുപ്പ് ഡയറക്ടറുടെ പക്കലുള്ള റിപ്പോര്‍ട്ടിന്മേല്‍ നിര്‍ദേശം ലഭിച്ച ശേഷം മതിയെന്ന് കൗണ്‍സില്‍ തീരുമാനം. ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിനെടുത്ത വായ്പ തിരിച്ചടക്കുന്നതിനായി വീണ്ടും വായ്പയെടുക്കാനും കരാറുകാരുമായി എഗ്രിമെന്‍റുണ്ടാക്കുന്നതുമായും ബന്ധപ്പെട്ട അജണ്ടക്കെതിരെ പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കരാറുകാരന്‍ നടത്തിയ പ്രവൃത്തികള്‍ കൗണ്‍സിലിന്‍െറ അംഗീകാരമില്ലാതെ ആയിരുന്നെന്ന കാരണത്താല്‍ ബില്ലുകള്‍ തടഞ്ഞിരുന്നു. കരാറുകാരന്‍ സെക്രട്ടറിയെ കൈയേറ്റം ചെയ്തത് സംബന്ധിച്ച കേസും നിലവിലുണ്ട്. നിര്‍മാണം നിര്‍ത്തിവെച്ച കരാറുകാരന്‍ കോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാറിനോട് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. മന്ത്രിതല ചര്‍ച്ചക്കൊടുവില്‍ ഡയറക്ടറോട് അന്വേഷിക്കാനും തീരുമാനിച്ചു. തുടര്‍ന്നാണ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. എസ്റ്റിമേറ്റില്‍ ഉള്‍പ്പെടാതെ നിര്‍മാണം പൂര്‍ത്തിയാക്കിയതെല്ലാം ആവശ്യമുള്ളതാണോ എന്ന കാര്യവും പരിശോധിക്കും. റിപ്പോര്‍ട്ടിന്മേല്‍ ഡയറക്ടറുടെ നിര്‍ദേശം ലഭിച്ച ശേഷം നിര്‍മാണം പുനരാരംഭിച്ചാല്‍ മതിയെന്ന പ്രതിപക്ഷ വാദത്തിനൊടുവിലാണ് ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി അജണ്ട മാറ്റിവെച്ചത്. താലൂക്ക് ആശുപത്രി, കണ്ണിയംപുറം ആയുര്‍വേദ ആശുപത്രി, മീറ്റ്ന ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലെ മാനേജ്മെന്‍റ് കമ്മിറ്റികളില്‍ മൂന്നുവീതം കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച അജണ്ടയും മാറ്റിവെച്ചു. വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതോടെയായിരുന്നു ഇത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.