എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വില്ളേജ് മുതല്‍ സെക്രട്ടേറിയറ്റ് വരെ അഴിമതി മുക്തമാക്കും –പിണറായി

മണ്ണാര്‍ക്കാട്: കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വില്ളേജ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള സര്‍ക്കാര്‍ സര്‍വിസ് അഴിമതി മുക്തമാക്കുമെന്ന് പിണറായി വിജയന്‍. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ ഭീഷണി ഉയര്‍ത്തുമ്പോള്‍ നാല് വോട്ട് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്നും പിണറായി പറഞ്ഞു. നവകേരള മാര്‍ച്ചിന് മണ്ണാര്‍ക്കാട്ട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്കാരായ സംസ്ഥാനത്ത് വിജിലന്‍സ് കോടതിയുടേത് ജനങ്ങള്‍ ആഗ്രഹിക്കുന്ന ഉത്തരവാണ്. ബാബുവിന്‍െറ രാജി ഉമ്മന്‍ ചാണ്ടി സ്വീകരിക്കാത്തത് തന്‍െറ രാജി മുന്നില്‍കണ്ടാണെന്നും കോണ്‍ഗ്രസ് ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാത്ത പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് കാലോചിതമായ വികസനം ആവശ്യമാണെന്നും രാജ്യത്തെ മതനിരപേക്ഷ മനസ്സ് സി.പി.എമ്മിനൊപ്പമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കോടതിപ്പടിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ വന്‍ ജനാവലി പങ്കെടുത്തു. വാഹനങ്ങളുടെ അകമ്പടിയോടെയും വാദ്യമേളങ്ങളോടെയുമാണ് മാര്‍ച്ചിനെ ആനയിച്ചത്. സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി എം. ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു. ജാഥാംഗങ്ങളായ ഗോവിന്ദന്‍ മാസ്റ്റര്‍, എ. സമ്പത്ത് എം.പി, എം.ബി. രാജേഷ് എം.പി, പി.കെ. ബിജു എം.പി, എ.കെ. ബാലന്‍, പി.കെ. സൈനബ, ചന്ദ്രന്‍, കെ.ജെ. തോമസ്, സി.കെ. രാജേന്ദ്രന്‍, പി.കെ. ശശി, കെ.എ. സുദര്‍ശനകുമാര്‍, എം. ചന്ദ്രശേഖരന്‍, ടി.ആര്‍. സെബാസ്റ്റ്യന്‍, കെ.എന്‍. സുശീല, എം. ജിനേഷ്, അഡ്വ. പി. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ അരിയൂരിലെ രക്തസാക്ഷി ഗഫൂറിന്‍െറ പിതാവ് അലവിയെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.