അഗളി: ഞായറാഴ്ച രാവിലെ അഹാഡ്സില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്തു. ഭൂരഹിത ആദിവാസികള്‍ക്ക് ഭൂവിതരണ നടപടികള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. പദ്ധതിയുടെ ഗുണം അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരിരേശന്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് വീടുകള്‍ക്ക് അനുമതി ലഭിച്ചിട്ടും കല്ലും മണലും ലഭ്യമല്ലാത്തതിനാല്‍ പ്രവൃത്തി സ്തംഭനത്തിലാണെന്ന് അവര്‍ പറഞ്ഞു. വീടുകള്‍ക്ക് നല്‍കുന്ന തുക കൂട്ടണം. നിര്‍മാണ സാമഗ്രികള്‍ കലവറ വഴി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമെന്ന് ജിജി തോംസണ്‍ വ്യക്തമാക്കി. അഹാഡ്സില്‍ സപ്പോര്‍ട്ടിങ് ജീവനക്കാരായി പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ജോലി ഉറപ്പുനല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം സി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കാര്‍ഷിക നാശനഷ്ടം സംഭവിച്ചവര്‍ക്കും ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കും നഷ്ടപരിഹാരത്തുക നല്‍കിയിട്ടില്ളെന്ന് അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതി അനില്‍കുമാര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡി. രവി എന്നിവര്‍ പ്രദേശത്തെ പരാതികള്‍ വിവരിച്ചു. കാവുണ്ടിക്കല്‍ ഊരും കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയും ചീഫ് സെക്രട്ടറി സന്ദര്‍ശിച്ചു. ജല അതോറിറ്റിയുടെ 44 കോടിയുടെ കാവുണ്ടിക്കല്‍ കുടിവെള്ള പദ്ധതിക്കായി സ്ഥലമേറ്റടുത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇടപെടാമെന്ന് ചീഫ് സെക്രട്ടറി ഉറപ്പുനല്‍കി. കോട്ടത്തറ ആശുപത്രിക്ക് സി.ടി സ്കാനിങ് മെഷീന്‍ അനുവദിക്കും. സബ് കലക്ടര്‍ പി. നൂഹ്, വിവിധ വകുപ്പ് മേലധികാരികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.