ഓപറേഷന്‍ അനന്ത: ഇനി വേണ്ടത് മാസ്റ്റര്‍ പ്ളാന്‍

മണ്ണാര്‍ക്കാട്: ഓപറേഷന്‍ അനന്ത പദ്ധതിക്ക് ഇനി വേണ്ടത് മാസ്റ്റര്‍ പ്ളാന്‍. അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയും ഉപയോഗശൂന്യമായ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കിയെടുക്കുകയും ചെയ്തതോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലമില്ളെന്ന പരാതി തീര്‍ന്നിട്ടുണ്ട്. കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെ നഗര ഭാഗങ്ങളില്‍ ഇരുവശത്തുമായി മൂന്ന് മുതല്‍ പത്ത് വരെ മീറ്റര്‍ വീതിയിലാണ് കൈയേറ്റം ഒഴിപ്പിച്ചത്. ഉപയോഗ ശൂന്യമായി കിടന്ന കോടതിപ്പടിയിലെ കുട്ടികളുടെ പാര്‍ക്കും റോഡരികിലെ കാട് പിടിച്ച് കിടന്ന പുറമ്പോക്ക് സ്ഥലവും ഇടിച്ച് വൃത്തിയാക്കിയതോടെ പാതിവഴിയില്‍ ഉപേക്ഷിച്ച പല പദ്ധതികളും യാഥാര്‍ഥ്യമാക്കാന്‍ കഴിയും. അഴുക്കുചാല്‍ വികസനം, ഫൂട്പാത്ത് നിര്‍മാണം, പൊതു ടോയ്ലറ്റുകള്‍, ബസ്ബേകള്‍, ടാക്സി സ്റ്റാന്‍ഡ് തുടങ്ങി പലതും നടപ്പാക്കാന്‍ കഴിയും. ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന വികസന പദ്ധതികള്‍ പുതിയ നഗരസഭ നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ജനം. റോഡ് വീതികൂട്ടി അഴുക്കുചാല്‍ നിര്‍മിച്ച് അതിനുമുകളില്‍ നടപ്പാതയാക്കിയാല്‍ ഭാവിയിലെ കൈയേറ്റങ്ങളും ഒഴിവാക്കാം. കുട്ടികളുടെ പാര്‍ക്ക് പൊളിച്ച സ്ഥലത്ത് കോടതിപ്പടിയിലെ ഗതാഗതക്കുരുക്കിനിടയാക്കുന്ന ബസ്സ്റ്റോപ്പിന് പകരം മിനി ബസ് സ്റ്റേഷന്‍ നിര്‍മിക്കാനാകും. നെല്ലിപ്പുഴയില്‍ ടാക്സി സ്റ്റാന്‍ഡുകളും നഗരത്തിന്‍െറ പല ഭാഗത്തും പൊതു ടോയ്ലറ്റുകളും നിര്‍മിക്കാനാവും. കൈയേറ്റ നിര്‍മിതികള്‍ പൊളിച്ച് നീക്കിയപ്പോഴാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന കൈയേറ്റത്തിന്‍െറ വ്യാപ്തി ബോധ്യമായത്. കൈയേറ്റമൊഴിപ്പിക്കാനും നഗര വികസനത്തിനുമായി ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയുമായി ജനകീയ മുന്നേറ്റമുണ്ടായി. ഇതിന്‍െറ തെളിവാണ് കൈയേറ്റമല്ലാത്ത സ്ഥലങ്ങള്‍ കൂടി വികസനത്തിന് വിട്ടുകിട്ടിയതും നഗര വികസനത്തിന് ജനകീയ ഫണ്ട് കണ്ടത്തൊന്‍ കഴിഞ്ഞതും. ഇനി വേണ്ടത് നഗരസഭ, ദേശീയപാത വിഭാഗം എന്നിവ വ്യക്തമായ വികസന മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി നടപ്പാക്കലാണ്. ഇതോടൊപ്പം ദേശീയപാതയിലേക്കുള്ള സമാന്തര പാതകളും വീതി കൂട്ടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.