17 വര്‍ഷം ജോലിചെയ്തിട്ടും സ്ഥിരം നിയമനം ലഭിക്കാതെ മണി

അഗളി: അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് നാഴികകള്‍ താണ്ടി അഗളിയിലെ ആശുപത്രിയില്‍ എത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സ്ഥാപിച്ച പട്ടികവര്‍ഗ ഒ.പി ക്ളിനിക്കില്‍ അറ്റന്‍ഡറായ മണിക്ക് 17 വര്‍ഷം ജോലിചെയ്തിട്ടും സ്ഥിരം നിയമനം ലഭിച്ചില്ല. ആദിവാസി മുഡുക വിഭാഗത്തില്‍പ്പെട്ട കാരറ സ്വദേശിയാണ് മണി. 1999ലാണ് അറ്റന്‍ഡര്‍ കാറ്റഗറി ജോലിയില്‍ പ്രവേശിച്ചത്. തുടക്കത്തില്‍ കരാറടിസ്ഥാനത്തിലും പിന്നീട് ദിവസവേതനാടിസ്ഥാനത്തിലും ജോലി ചെയ്ത മണി 17 വര്‍ഷമായി ഇതേ ജോലിയില്‍ തുടരുന്നു. ആദ്യമായി നിയമനം ലഭിച്ചത് മണിയുടെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ ദൂരമുള്ള കല്‍ക്കണ്ടിയിലാണ്. എന്നാല്‍, ഇപ്പോള്‍ മണി ജോലിനോക്കുന്നത് പാലൂരിലാണ്. വണ്ടി കൂലി മാത്രം ദിവസത്തില്‍ 100 രൂപക്ക് മുകളില്‍ വേണം. ജോലിചെയ്തുകിട്ടുന്ന പണം വണ്ടികൂലിക്ക് മാത്രമേ തികയൂ. മൂന്ന് കുട്ടികളുടെ പഠനചെലവും പിതാവിന്‍െറ ആശുപത്രി ചെലവും കൂട്ടി നോക്കുമ്പോള്‍ കടം വാങ്ങി ജീവിക്കേണ്ട അവസ്ഥയിലാണ് മണി. ഡിഗ്രിക്കും പ്ളസ് ടുവിനും പഠിക്കുന്ന മക്കളുടെ ചെലവും ഭാരിച്ചതാണ്. ദിവസം കിട്ടുന്ന 350 രൂപക്ക് ഇതൊന്നും തികയില്ല. അട്ടപ്പാടിയില്‍ വനംവകുപ്പില്‍ ജോലി ചെയ്ത വാച്ചര്‍മാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ 2013 മുതല്‍ മണി ജോലി സ്ഥിരത വേണമെന്നാവശ്യപ്പെട്ട് അപേക്ഷകള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഒരു തരത്തിലുള്ള മറുപടിയും ലഭിച്ചിട്ടില്ല. അട്ടപ്പാടിയില്‍ കോട്ടത്തറ ആശുപത്രി ഇല്ലാതിരുന്ന കാലത്തുള്ളതാണ് പട്ടികവര്‍ഗ ഒ.പി ക്ളിനിക് വരുന്നത്. ആശുപത്രി വരുന്നതോടെ ഇത്തരത്തിലുള്ള ഒ.പി ക്ളിനിക് കോട്ടത്തറ ആശുപത്രിയുടെ കീഴിലേക്ക് മാറ്റുമെന്നും ജോലിസ്ഥിരത ലഭിക്കുമെന്നും മണി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഈ ക്ളിനിക്കിനെ ആശുപത്രിയുടെ കീഴിലേക്ക് മാറ്റിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.