ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍: പ്രീ പെയ്ഡ് ഓട്ടോ സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രീ പെയ്ഡ് ഓട്ടോ സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ചെറിയ ദൂരങ്ങളിലേക്ക് വിളിച്ചാല്‍ ഓട്ടോറിക്ഷക്കാര്‍ ചെല്ലാത്തതും പല ഭാഗങ്ങളിലേക്കും ഇരട്ടിയിലധികം ചാര്‍ജ് ഈടാക്കുന്നതും പ്രശ്നമായതിനാലാണ് ആവശ്യം ശക്തമായത്. ഷൊര്‍ണൂരിലും പരിസരങ്ങളിലും മീറ്ററില്ലാതെയാണ് ഓട്ടോകള്‍ സര്‍വിസ് നടത്തുന്നത്. മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോറിക്ഷകളില്‍ ഇവ പ്രവര്‍ത്തിപ്പിക്കുന്നില്ല. സ്ഥാപിച്ച മീറ്ററുകള്‍ പ്രവര്‍ത്തനക്ഷമവുമല്ല. മിനിമം ചാര്‍ജിന് ഓടേണ്ട ദൂരം പലപ്പോഴും കിലോമീറ്ററിലും താഴെയാണെന്നാണ് ഷൊര്‍ണൂരിലെ ഓട്ടോറിക്ഷക്കാര്‍ ഈടാക്കുന്ന ചാര്‍ജ് കണ്ടാല്‍ തോന്നുക. ടൗണില്‍ ബസ്സ്റ്റാന്‍ഡിന് സമീപത്ത് നിന്നും തൊട്ടടുത്തുള്ള ചുഡുവാലത്തൂര്‍ക്ക് ഓട്ടോറിക്ഷ വിളിച്ചാല്‍ സാധാരണ ഗതിയില്‍ മിനിമം ചാര്‍ജാണ് നല്‍കേണ്ടതുള്ളൂ. എന്നാല്‍, പലരില്‍ നിന്നും മുപ്പതും അതിലധികവും രൂപയാണ് ഈടാക്കുന്നത്. വീട്ടമ്മമാരില്‍ നിന്നാണ് കൂടുതല്‍ പണം ഈടാക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുന്ന വീട്ടമ്മമാരെ അനാവശ്യം പറയുന്നതടക്കമുള്ള സംഭവങ്ങള്‍ ഇടക്കിടെ ഉണ്ടാവുന്നുണ്ട്. ഈ പ്രദേശത്തുള്ളവര്‍ ബന്ധപെട്ട ഉദ്യോഗസ്ഥര്‍ക്ക് ഭീമ ഹര്‍ജി നല്‍കാനുള്ള പുറപ്പാടിലാണ്. ടൗണില്‍ തന്നെയുള്ള മഞ്ഞക്കാട്, പരുത്തിപ്ര ഭാഗങ്ങളിലേക്കും ഇത്തരത്തില്‍ അമിതമായ യാത്രാക്കൂലിയാണ് ഈടാക്കുന്നത്.അത്യാവശ്യ യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷ കാത്ത് നില്‍ക്കണമെന്ന വ്യവസ്ഥയുമുണ്ട്. പല ഓട്ടോറിക്ഷക്കാരും ഇതിന് തയാറാകുന്നില്ല. തയാറാകുന്നവരില്‍ ഭൂരിഭാഗവും കാത്തുനില്‍ക്കുന്നതിന് അമിതമായ ചാര്‍ജും ഈടാക്കുന്നുണ്ട്. യാത്രക്കാരോട് മോശമായി പെരുമാറുന്ന സംഭവങ്ങളും അനുദിനം വര്‍ധിച്ചു വരുന്നുണ്ട്. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രീ പെയ്ഡ് ഓട്ടോ സര്‍വീസ് ആരംഭിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ടൗണിനോട് ബന്ധപെട്ടതും അല്ലാത്തതുമായ സ്ഥലങ്ങളിലേക്ക് എത്ര ദൂരമുണ്ടെന്നതും അതിന് എത്ര ചാര്‍ജ് നല്‍കണമെന്നതുമായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വ്യക്തമാകുമെന്നതാണ് ഈ സംവിധാനം നിലവില്‍ വന്നാല്‍ ഉണ്ടാകുന്ന ഏറ്റവും വലിയ കാര്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.