കനകചിലങ്കയില്‍ മുത്തമിടാന്‍ വീണ്ടും ആലത്തൂര്‍ ഗുരുകുലം

പാലക്കാട്: കലയുടെ കനകചിലങ്കയില്‍ മുത്തമിടാന്‍ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം സ്കൂള്‍ ഒരുങ്ങി. അപ്പീലുകള്‍ കോടതിയുടെ കനിവിന് വിട്ടിരിക്കുകയാണെങ്കിലും കലയുടെ രാജാങ്കണത്തില്‍ സ്വര്‍ണകപ്പ് കൈയേന്താമെന്ന ഉറച്ച ആത്മവിശ്വാസം ഗുരുകുലത്തിന്‍െറ കുട്ടികള്‍ക്കുണ്ട്. മൂന്നു വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എച്ച്.എസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരാണ് ബി.എസ്.എസ് ഗുരുകുലം. എച്ച്.എസ്.എസ് വിഭാഗത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്നാം സ്ഥാനം ഗുരുകുലത്തിനാണ്. സംസ്കൃതോത്സവത്തില്‍ കഴിഞ്ഞ വര്‍ഷം അഞ്ചാമതായ ഗുരുകുലം മുന്‍ വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്തുവരെ എത്തിയിട്ടുണ്ട്. മുഴുവന്‍ അപ്പീലുകളും അനുവദിക്കപ്പെട്ടാല്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ഗുരുകുലത്തിന്‍െറ 180ലധികം പേരടങ്ങുന്ന ടീം അനന്തപുരിയിലേക്ക് വണ്ടികയറുമെന്ന് പ്രിന്‍സിപ്പല്‍ വിജയന്‍ വി. ആനന്ദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 60 ഇനങ്ങളിലായി ആലത്തൂരിലെ 186 കുട്ടികളാണ് കോഴിക്കോട് കലോത്സവത്തില്‍ മാറ്റുരച്ച് വിജയ തീരമണഞ്ഞത്. കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ല സ്വര്‍ണകപ്പ് പങ്കിട്ടെടുത്തപ്പോള്‍ ജില്ല നേടിയ പോയന്‍റുകളില്‍ പകുതിയും സംഭാവന ചെയ്തത് ആലത്തൂര്‍ ഗുരുകുലമാണ്. ജില്ലാ കലോത്സവത്തില്‍ ഒരു പതിറ്റാണ്ടിലധികമായി ഗുരുകുലത്തിന് എതിരാളികളില്ല. കൃത്യമായ ചിട്ടവട്ടങ്ങളാണ് ആലത്തൂരിന്‍െറ വിജയരഹസ്യം. ഗുരുകുലത്തിന്‍െറ കുട്ടികളും അധ്യാപകരും പഠനത്തോടൊപ്പം തുല്യപ്രാധാന്യം കലോത്സവങ്ങള്‍ക്കും നല്‍കുന്നുണ്ട്. അധ്യയനത്തിന് മുടക്കംവരുത്താതെ വര്‍ഷംമുഴുവന്‍ നീളുന്ന പരിശീലനത്തിലൂടെയാണ് ഗുരുകുലം നേട്ടങ്ങള്‍ കൊയ്യുന്നത്. രചനാ മത്സരങ്ങളിലും പ്രസംഗത്തിലും സ്കൂളിലെ അധ്യാപകര്‍തന്നെയാണ് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. ഗ്രൂപ്പിനങ്ങളില്‍ ഏറ്റവും മികച്ച പരിശീലകരെ എത്തിച്ചാണ് ഗുരുകുലം മേധാവിത്വം നിലനിര്‍ത്തുന്നത്. വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെ പ്രവൃത്തിദിവസങ്ങളിലെല്ലാം കലാപരിശീലനമുണ്ട്. നാടകം, പരിചമുട്ടുകളി പരിശീലനം രാത്രിയിലുമുണ്ടാകും. ഓരോ ഇനത്തിന്‍െറയും മേല്‍നോട്ടത്തിന് അധ്യാപകരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. നാടകം, ഗാനമേള, ചവിട്ടുനാടകം, യക്ഷഗാനം, സംഘനൃത്തം, ഒപ്പന, വട്ടപ്പാട്ട്, പരിചമുട്ടുകളി, നാടന്‍ പാട്ട് എന്നിവയില്‍ ഇത്തവണയും ഗുരുകുലത്തിന്‍െറ ടീം മാറ്റുരക്കും. മുന്‍ വര്‍ഷങ്ങളില്‍ നേട്ടം കൊയ്ത രചനാ മത്സരങ്ങളിലും പ്രസംഗത്തിലും ഗുരുകുലത്തിന്‍െറ കുട്ടികളുണ്ട്. അപ്പീലുകള്‍ ഡി.ഡി.ഇ തലത്തില്‍ തള്ളപ്പെട്ടതിന്‍െറ ആശങ്കയിലും തിങ്കളാഴ്ചത്തെ കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷ സ്കൂള്‍ മാനേജ്മെന്‍റിലും പി.ടി.എക്കുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.