ലേലം ചെയ്യാതെ ഫ്ളാറ്റ് ലോബിക്കായി മണല്‍ കടത്തുന്നു

പാലക്കാട്: മലമ്പുഴ ഡാമിനകത്തുനിന്ന് കെംഡെല്ലിന്‍െറ കരാറുകാരന്‍ മണലെടുത്ത് ലേലം ചെയ്ത് നേരിട്ട് കടത്തുകയാണെന്ന് ആക്ഷേപം. മണല്‍ ഖനനം നടത്താനും എടുത്തുകൂട്ടിയ മണല്‍ ലേലം ചെയ്ത് വില്‍ക്കാനും വെവ്വേറെ കരാറുകളാണ് നല്‍കിയിട്ടുള്ളത്. ഡാമില്‍നിന്ന് എടുത്ത മണല്‍ കഞ്ചിക്കോട്ടെ ഗ്രാമലക്ഷ്മി മുദ്രാലയത്തിന് സമീപത്തെ കെംഡെല്ലിന്‍െറ യാര്‍ഡില്‍ കൊണ്ടിട്ട ശേഷം ആവശ്യക്കാര്‍ക്ക് ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവ്. എന്നാല്‍, ഇപ്പോള്‍ മണല്‍ വാരുന്ന കരാറുകാരന്‍ നേരിട്ട് കോഴിക്കോട് ഭാഗത്തുള്ള ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് വില്‍ക്കുകയാണെന്ന് മലമ്പുഴ ഡാം സംരക്ഷണ സമിതി സെക്രട്ടറി ഡോ. പി.എസ്. പണിക്കര്‍ പറയുന്നു. കഞ്ചിക്കോട്ടെ യാര്‍ഡിലത്തെിക്കാതെ തന്നെ വലിയകാട് മായപ്പാറയിലെ ഡാമിനകത്തുനിന്ന് നേരിട്ട് കടത്തിക്കൊണ്ടുപോവുകയാണ് ചെയ്യുന്നത്. വ്യാഴാഴ്ച ആറ് ലോറി മണലാണ് ഇവിടുന്ന് അടുത്ത ജില്ലകളിലേക്ക് കടത്തിയത്. ജില്ലയില്‍ മണലിന് ധാരാളം ആവശ്യക്കാരുണ്ടെന്നിരിക്കെ കൂടിയ നിരക്കില്‍ സ്വകാര്യ ഫ്ളാറ്റ് നിര്‍മാണത്തിന് വില്‍ക്കുന്നതിനെതിരെ ജനങ്ങളും പ്രതിഷേധത്തിലാണ്. കെംഡെല്‍ അകത്തത്തേറയില്‍ മണല്‍ വില്‍പന കേന്ദ്രം ആരംഭിച്ചിട്ടുണ്ടെങ്കിലും മലമ്പുഴ ഡാമിനകത്ത് നിന്ന് ശേഖരിക്കുന്ന മണല്‍ ഇവിടെ എത്തിക്കാറില്ളെന്ന പരാതിയുമുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ മണല്‍ വാങ്ങാന്‍ ധാരാളം പേരുണ്ട്. പക്ഷേ, ഇവര്‍ക്കൊന്നും നല്‍കാതെയാണ് നേരിട്ടുള്ള വില്‍പന. മണലെടുക്കുന്ന കരാറുകാര്‍ക്കുവേണ്ടി കെംഡെല്ലിലെയും റവന്യൂ വകുപ്പിലെയും ചില ഉദ്യോഗസ്ഥരുടെ ഒത്താശ ചെയ്യുന്നതായി ആക്ഷേപമുണ്ട്. മുമ്പ് എടുത്തുകൂട്ടിയ മണല്‍ ശേഖരിക്കാന്‍ മാത്രമാണ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ തീരുമാനിച്ചത്. എന്നാല്‍, മായപ്പാറയില്‍ ഡാമിനകത്തുനിന്ന് മണലും ചളിയും നീക്കുന്ന പ്രവൃത്തിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2010ല്‍ 1,69,969 ക്യൂബിക് മീറ്റര്‍ മണല്‍ ഖനനം ചെയ്തെടുക്കാനാണ് കെംഡെല്ലിന് കരാര്‍ നല്‍കിയത്. ഇനി 2,000 ക്യൂബിക് മീറ്ററില്‍ താഴെ മണല്‍ എടുക്കാന്‍ മാത്രമേ കെംഡെല്ലിന് കരാര്‍ പ്രകാരം അര്‍ഹതയുള്ളൂവെന്നാണ് പറയുന്നത്. എന്നാല്‍, ഇപ്പോള്‍ ഡാമില്‍നിന്ന് 61,000 ക്യൂബിക് മീറ്റര്‍ മണല്‍ നീക്കം ചെയ്യാന്‍ ബാക്കിയുണ്ടെന്ന് കരാറുകാരന്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് വീണ്ടും മണല്‍ ഖനനം നടത്തുന്നതെന്ന പരാതിയുമുണ്ട്. പരാതി ഉയര്‍ന്നതിന്‍െറ അടിസ്ഥാനത്തില്‍ 19ന് കലക്ടറുടെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി യോഗം ചേരുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.