വിദ്യാലയ സുരക്ഷക്ക് രൂപവത്കരിച്ച കമ്മിറ്റികള്‍ നിര്‍ജീവം

കൂറ്റനാട്: വിദ്യാലയങ്ങളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി രൂപവത്കരിച്ച പരിപാലന കമ്മിറ്റികള്‍ നിര്‍ജീവമായതോടെ സാമൂഹികവിരുദ്ധര്‍ വിദ്യാലയങ്ങളില്‍ അഴിഞ്ഞാടുന്നു. കുമരനെല്ലൂര്‍, ആനക്കര തുടങ്ങിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ കഴിഞ്ഞദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന നശീകരണ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റികളുടെ പോരായ്മ തെളിയിക്കുന്നു. സ്കൂള്‍ പ്രധാനാധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍, നാട്ടുകാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊലീസ് തുടങ്ങി നിരവധി പേര്‍ ഉള്‍പ്പെടുന്നതാണ് സുരക്ഷാ കമ്മിറ്റികള്‍. ഇവര്‍ രാത്രിയിലും പകലും സ്കൂളിന്‍െറ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാല്‍, ഇത്തരം കമ്മിറ്റികള്‍ മിക്കയിടത്തും രൂപവത്കരിച്ചിട്ടില്ല. ഉള്ളയിടത്താകട്ടെ നിര്‍ജീവാവസ്ഥയിലുമാണ്. വിദ്യാലയങ്ങളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണും ഇരുചക്ര വാഹനവും കൊണ്ടുവരുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ ഉണ്ടെങ്കിലും ഇതും പ്രവര്‍ത്തനം തൃപ്തികരമല്ല. വിദ്യാലയങ്ങളുടെ മുന്നിലൂടെ ടിപ്പര്‍ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധം ഫലപ്രദമാക്കുന്നില്ല. ഇതിന് അതത് പൊലീസ് അധികാരികളാണ് ശ്രദ്ധചെലുത്തേണ്ടത്. കുട്ടികളെ ബസുകളില്‍ കയറ്റാനും മറ്റും പൊലീസുകാരെ വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ നിയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ തോന്നിയപോലെയാണ് നടപടികള്‍. സ്കൂള്‍ പ്രവര്‍ത്തനത്തിന് മുമ്പ് ഒമ്പതുമുതല്‍ പത്തുവരെയും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെയുമാണ് ടിപ്പര്‍ലോറികള്‍ക്കുള്ള നിരോധം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.