ഷൊര്‍ണൂര്‍: ഭാരതപ്പുഴയില്‍ ഷൊര്‍ണൂര്‍ കൊച്ചിപ്പാലത്തിന് പടിഞ്ഞാറുഭാഗത്ത് പൂര്‍ത്തിയാക്കേണ്ട സ്ഥിരം തടയണ നിര്‍മാണം സ്തംഭനത്തിലേക്ക്. ഷൊര്‍ണൂര്‍ നഗരസഭ, വാണിയംകുളം, വല്ലപ്പുഴ പഞ്ചായത്തുകള്‍, തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍, പാഞ്ഞാള്‍, ദേശമംഗലം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഉദ്ദേശിച്ച് പണിയാരംഭിച്ചതാണിത്. അഞ്ച് കോടി രൂപക്ക് നിര്‍മാണം നടത്താനുദ്ദേശിച്ച് പതിറ്റാണ്ടിന് മുമ്പ് ആരംഭിച്ചതാണെങ്കിലും ആദ്യ രണ്ട് വര്‍ഷത്തെ വേനലില്‍ നടത്തിയ നാമമാത്രമായ പ്രവൃത്തിയിലൊതുങ്ങി. 360 മീറ്റര്‍ നീളത്തിലും മണല്‍ നിരപ്പില്‍നിന്ന് ഒന്നര മീറ്റര്‍ ഉയരത്തിലുമാണ് ഇവിടെ തടയണ നിര്‍മിക്കേണ്ടിയിരുന്നത്. ഇതില്‍ പണിയാരംഭിച്ചുള്ള ആദ്യ രണ്ട് വര്‍ഷങ്ങളില്‍ തടയണയുടെ തറയുടെ പാതിയോളം വരുന്ന നിര്‍മാണ പ്രവര്‍ത്തനം മാത്രമാണ് നടന്നത്. പിന്നീട് ഇതുവരെ സ്തംഭനാവസ്ഥയില്‍ തന്നെയാണ്. തൃശൂര്‍ ജില്ലാ റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍നിന്നാണ് പദ്ധതിക്കുള്ള തുക നല്‍കേണ്ടത്. പദ്ധതി നിര്‍മാണം സ്തംഭിച്ചതോടെ തുക പുന$ക്രമീകരിക്കാന്‍ കരാറുകാരന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ആദ്യത്തെ കരാറുകാരന്‍ മരിക്കുകയും ചെയ്തു. പിന്നീട് പദ്ധതി മൂന്ന് ഘട്ടമായി ഉയര്‍ത്തി. നിലവില്‍ പതിനാലര കോടി രൂപയാണ് പദ്ധതിക്കായി പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. ഇതിന് ഭരണാനുമതി ലഭിക്കാത്തതാണ് നിലവിലെ പ്രശ്നമെന്നാണ് അധികൃതര്‍ പറയുന്നത്. നിര്‍മാണ സ്തംഭനം ഒഴിവാക്കാന്‍ ഇതുവരെ എം.പി, എം.എല്‍.എ എന്നിവരോ പുഴയുടെ ഇരു കരകളിലുമുള്ള, പദ്ധതി പൂര്‍ത്തിയായാല്‍ ഗുണഫലം ലഭിക്കേണ്ട തദ്ദേശഭരണ സ്ഥാപന ഭരണാധികാരികളോ കാര്യമായ ഒരു നീക്കവും നടത്തിയിട്ടില്ല. വര്‍ഷകാലത്ത് തന്നെ ഷൊര്‍ണൂരില്‍ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം പലപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിലാണ് ഉണ്ടാകാറുള്ളത്. വേനല്‍കാലമാകുന്നതോടെ സ്ഥിതി പിന്നെയും കഠിനമാകും. വേനല്‍ രൂക്ഷമാകുന്നതോടെ കുടിവെള്ളം കിട്ടാക്കനിയുമാകും. ഓരോ വര്‍ഷം കഴിയുന്തോറും ഇത് രൂക്ഷമാവുകയാണ്.തടയണ നിര്‍മാണം പൂര്‍ത്തിയായാല്‍ കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കപ്പെട്ടേക്കാം. ബോട്ടിങ് സംവിധാനമൊരുക്കി ടൂറിസം മേഖലക്ക് പ്രയോജനപ്പെടുത്താനും പദ്ധതിയുണ്ട്. പുഴയോരത്ത് പാര്‍ക്ക് നിര്‍മിക്കാനും രൂപരേഖയുണ്ട്. മണലെടുപ്പ് തടയാനും തൊട്ടുള്ള റോഡ്, റെയില്‍ പാലങ്ങളെ സംരക്ഷിക്കാനും കഴിയുമെന്ന പ്രതീക്ഷയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.