നെല്‍പ്പാടങ്ങളിലെ പെണ്‍പെരുമ ഇല്ലാതാവുന്നു

ഷൊര്‍ണൂര്‍: വള്ളുവനാടന്‍-നെല്‍പാടങ്ങളിലെ പെണ്‍പെരുമ ഇല്ലാതാകുന്നു. മുന്‍ കാലങ്ങളില്‍ ഞാറ് പറിക്കലും നടലും കള പറിക്കലും കൊയ്യലും മെതിക്കലുമെല്ലാം സ്ത്രീകളായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇന്ന്, സ്ത്രീകള്‍ മാത്രം കുത്തകയാക്കിയിരുന്ന നെല്‍കൃഷിയിലെ വിവിധ ഘട്ടങ്ങളില്‍ പുരുഷന്‍ന്മാരും യന്ത്രങ്ങളുമാണ് പണിയെടുക്കുന്നത്. മുമ്പ് പാകിയ ഞാറ് നടാനായി പറിച്ചെടുക്കുന്നതു മുതല്‍ ഭൂരിഭാഗം വരുന്ന പ്രക്രിയയിലും സ്ത്രീകളുടെ കുത്തക തന്നെയായിരുന്നു. ഞാറ് പറിക്കുന്നതിനും നടുന്നതിനും യന്ത്രങ്ങള്‍ രംഗത്തത്തെിയതും ഈ രംഗത്തേക്ക് പുതിയ തലമുറയിലെ സ്ത്രീകള്‍ കടന്നുവരാത്തതും ഈ അവസ്ഥക്ക് മാറ്റം വരുത്തി. ബംഗാളികളടക്കമുള്ള അന്യ സംസ്ഥാന പുരുഷ തൊഴിലാളികള്‍ വരെ ഞാറ് നടാനും മറ്റും രംഗത്തത്തെിയതോടെ പരമ്പരാഗത കൃഷിരീതിയെ നെഞ്ചേറ്റുന്ന സ്ത്രീ തൊഴിലാളികള്‍ നെടുവീര്‍പ്പിടേണ്ട സ്ഥിതിയിലായി. അപ്പോഴും കൊയ്യാനും മെതിക്കാനും നാട്ടിലെ സ്ത്രീകള്‍ തന്നെ വേണമെന്ന നിലയിലായിരുന്നു. വൈകാതെ ഈ രംഗത്തും യന്ത്രങ്ങളും തമിഴ്നാട്ടുകാരായ പുരുഷ തൊഴിലാളികളും കൊയ്യാനും മെതിക്കാനും വ്യാപകമായി രംഗത്തത്തെി. ചുരുങ്ങിയ നിരക്കില്‍ ഇവര്‍ കരാര്‍ ഏറ്റെടുത്ത് പ്രതീക്ഷിച്ചതിലും വേഗം നെല്ലും വൈക്കോലും വെവേറെയാക്കി കര്‍ഷക ഭവനങ്ങളില്‍ എത്തിക്കുന്നതിനാല്‍ കര്‍ഷകരും താല്‍പ്പര്യമെടുക്കുന്നുണ്ട്. ഏക്കറിന് 7000 രൂപ മുതല്‍ 12,000 രൂപവരെ ഈടാക്കുന്ന ഇത്തരത്തിലുള്ള തമിഴ് തൊഴിലാളി സംഘങ്ങളുണ്ട്. നെല്ലും വൈക്കോലും എത്തിക്കേണ്ട വീടുകള്‍ പാടങ്ങളില്‍ നിന്ന് ഏറെ ദൂരെയാണെങ്കില്‍ വാഹനസൗകര്യം ചെയ്ത് കൊടുക്കേണ്ട കാര്യമേ ഉള്ളൂ. യഥാസമയങ്ങളില്‍ പാടത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണമത്തെിക്കേണ്ട കാര്യങ്ങളില്ലാത്തതിനാല്‍ കര്‍ഷകന് തന്‍െറ ജോലി നോക്കി പോവുകയുമാവാം. എന്നിരുന്നാലും ഞാറ് പാകുന്നതില്‍ തുടങ്ങി പരമ്പരാഗതമായ കൃഷിരീതി കൈവിടുന്നതില്‍ പഴയ തലമുറയിലുള്ളവര്‍ വിഷമത്തിലാണ്. ഞാറ് പറിക്കുമ്പോഴും കൊയ്യുമ്പോഴും മെതിക്കുമ്പോഴുമൊക്കെയുള്ള നാടന്‍ പാട്ടുകളും ആധുനിക കൃഷിരീതിയില്‍ അന്യം നിന്നുപോകുമെന്ന ആശങ്കയുണ്ട്. സംഗീതത്തെയും കാര്‍ഷിക വൃത്തിയെയും ഇഴചേര്‍ക്കുന്ന സ്ത്രീ തൊഴിലാളികളുടെ പെരുമക്ക് പകരം വൈകാതെ വള്ളുവനാടന്‍ പാടശേഖരങ്ങളില്‍ യന്ത്രങ്ങളുടെ മുരള്‍ച്ചയും മറ്റുമാകും ഉയരുക. ഞാറ് നടാന്‍ ബംഗാളിയും കൊയ്ത് മെതിക്കാന്‍ തമിഴനും ഭക്ഷിക്കാന്‍ മലയാളിയുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.