ഷൊര്‍ണൂര്‍ മാര്‍ക്കറ്റ് കെട്ടിടം പുതുക്കി നിര്‍മിക്കാന്‍ നടപടി

ഷൊര്‍ണൂര്‍: രണ്ട് പതിറ്റാണ്ടിലധികം അനിശ്ചിതത്വത്തിലായ ഷൊര്‍ണൂര്‍ മാര്‍ക്കറ്റ് കെട്ടിടം പുതുക്കി നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മത്സ്യ-മാംസ-പച്ചക്കറി മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചുനീക്കി തുടങ്ങി. പഴയ കടമുറികളില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിരുന്ന വിവിധ കച്ചവടക്കാരെ താല്‍ക്കാലികമായി നിര്‍മിച്ച കടമുറികളിലേക്ക് മാറ്റി. ഷൊര്‍ണൂര്‍ ബസ്സ്റ്റാന്‍ഡ് നവീകരണവും പുതിയ മാര്‍ക്കറ്റ് കെട്ടിട നിര്‍മാണവും നഗരസഭ രൂപീകൃതമായതു മുതല്‍ ബജറ്റിലുള്‍പ്പെടുത്തിയതാണ്. എന്നാല്‍, ഇതുവരെ അത് പ്രാവര്‍ത്തികമായിരുന്നില്ല. വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ താല്‍ക്കാലിക കടമുറികള്‍ നിര്‍മിച്ചിട്ട് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും നടപ്പായിരുന്നില്ല. ഇവിടെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ പോലുമില്ലാതിരുന്നതാണ് വ്യാപാരികള്‍ മാറാന്‍ പ്രധാന തടസ്സമായി ഉന്നയിച്ചിരുന്നത്. എത്രകാലം കൊണ്ട് പുതിയ മാര്‍ക്കറ്റ് കെട്ടിടം നിര്‍മിച്ച് കൈമാറുമെന്ന കാര്യത്തിലും നഗരസഭാധികൃതര്‍ കച്ചവടക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച താല്‍ക്കാലിക കെട്ടിടം വൃഥാവിലാവുന്ന ദുരവസ്ഥയുമുണ്ടായി. മൂന്ന് തവണയായി ഈ കടമുറികളുടെ അറ്റകുറ്റപ്പണിക്കായും നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ചു. ഇതിനെതിരെ ജനരോഷം ഉയര്‍ന്നു തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ കെട്ടിടം പണി ആരംഭിച്ചത്. ഒന്നാംഘട്ടമായി ബസ് യാര്‍ഡുകളും 20 കടമുറികളുമാണ് നിര്‍മിക്കുന്നത്. ഇതിനായി 55 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയിട്ട് കാലങ്ങളായി. മാര്‍ക്കറ്റ് കെട്ടിട സമുച്ചയത്തില്‍ 80 കടമുറികളുണ്ടാകും. മത്സ്യ-മാംസ മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പൊതു കക്കൂസും മറ്റും പൊളിച്ചുമാറ്റും. ഒരേ ചുവരിനപ്പുറവും ഇപ്പുറവും മത്സ്യ-മാംസ മാര്‍ക്കറ്റും ശൗചാലയവും പ്രവര്‍ത്തിച്ചിരുന്നത് ഏറെ ആക്ഷേപത്തിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കുമിടയാക്കിയിരുന്നു. ഈ പ്രശ്നത്തിനും പുതിയ കെട്ടിടം നിര്‍മിക്കുന്നതോടെ ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നഗരസഭാ ബസ്സ്റ്റാന്‍ഡിലത്തെുന്നവര്‍ക്ക് രണ്ട് പതിറ്റാണ്ടോളമായി പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. മാര്‍ക്കറ്റിനോട് ചേര്‍ന്ന കംഫര്‍ട്ട് സ്റ്റേഷനെയാണ് ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. ഇതുതന്നെ സ്ഥലപരിചയമുള്ളവര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. ഈ ദുരവസ്ഥക്കും നവീകരണ പ്രവൃത്തി അറുതി വരുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.