പട്ടാമ്പി: ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൈവിട്ട പട്ടാമ്പി താലൂക്ക് വികസനസമിതി യോഗം പ്രഹസനമായി. തിങ്കളാഴ്ച മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. വാപ്പുട്ടിയും വിളയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് കെ. മുരളിയുമാണ് ജനപ്രതിനിധികളായി പങ്കെടുത്തത്. 14 പഞ്ചായത്ത് പ്രസിഡന്‍റുമാരോ പട്ടാമ്പി, തൃത്താല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരോ എം.എല്‍.എ.മാരോ യോഗത്തില്‍ എത്തിയില്ല. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിട്ടു നിന്നു. വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് വിവാദമായിരുന്നെങ്കിലും ഇന്നലേയും ഹാജര്‍ നില കുറവായിരുന്നു. പകരക്കാരായി എത്തിയവര്‍ക്ക് സഭയില്‍ പരിഹാസ്യരാകേണ്ടി വന്നു. മുന്‍ യോഗ തീരുമാനങ്ങള്‍ പഠിക്കാതെ വന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാനായില്ല. വികസനസമിതി യോഗങ്ങളോടുള്ള സമീപനം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുനഃപരിശോധിക്കണമെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മണ്ണേങ്ങോട് റോഡിന് നടുവിലുള്ള വൈദ്യുത കാല്‍ മാറ്റണമെന്ന് കഴിഞ്ഞ സമിതി യോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ചക്കെടുത്തപ്പോള്‍ വ്യക്തമായ മറുപടി പറയാന്‍ പങ്കെടുത്ത കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായില്ല. അതാത് പഞ്ചായത്തുകളെ അറിയിക്കാതെ പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മാണവുമായി മുന്നോട്ട് പോകുന്നതും വിമര്‍ശിക്കപ്പെട്ടു. വിളയൂരില്‍ പടരുന്ന മഞ്ഞപ്പിത്തം പ്രതിരോധിക്കാന്‍ നടപടികള്‍ ഉണ്ടായില്ളെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മുരളി പറഞ്ഞു. റോഡരികിലെ പൊന്തക്കാടുകള്‍ വെട്ടാന്‍ അനുവാദമില്ലാത്തത് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടവരുത്തുമെന്നും എന്‍.ആര്‍.ഇ.ജി.എസ്. ഫണ്ട് ഇതിനായി വിനിയോഗിക്കണമെന്നും മുരളി ആവശ്യപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സ്വകാര്യ വ്യക്തികള്‍ താമസസ്ഥലം ഒരുക്കുന്നത് അടിസ്ഥാന സൗകര്യമില്ലാതെയാണ്. തൊഴിലാളികള്‍ പ്രാഥമിക കാര്യങ്ങള്‍ക്ക് പുഴയെ ആശ്രയിക്കുന്നത് കടുത്ത ജല മലിനീകരണത്തിനിടയാക്കുന്നു. ഇത്തരം ക്യാമ്പുകളില്‍ സംയുക്ത പരിശോധന നടത്താനും മുഴുവന്‍ തൊഴിലാളികളുടെയും തിരിച്ചറിയല്‍ രേഖ പരിശോധിക്കാനും യോഗം തീരുമാനിച്ചു. വിദ്യാലയങ്ങളുടെ സമീപങ്ങളില്‍ നടക്കുന്ന ലഹരിയുല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയും. പേരടിയൂരില്‍ സെപ്റ്റിക് ടാങ്കിന് വാല്‍വ് സ്ഥാപിച്ച് പൊതു സ്ഥലത്തേക്ക് മലിനജലം തുറന്നു വിട്ട പരാതി അന്വേഷിച്ച് നടപടിയെടുക്കും. പരുതൂര്‍ മുടപ്പക്കാട് കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടാത്തത് ഉദ്യോഗസ്ഥരുടെ സ്വകാര്യ താത്പര്യം കൊണ്ടാണെന്ന് ആരോപണമുയര്‍ന്നു. പട്ടാമ്പി, കൊപ്പം ആശുപത്രികളില്‍ കിടത്തി ചികില്‍സയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന ജീവനക്കാരുടെ കുറവ് നികത്തണമെന്നും ആവശ്യമുയര്‍ന്നു. പട്ടാമ്പി, കൊപ്പം, വല്ലപ്പുഴ മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കാന്‍ ശ്രമം തുടങ്ങിയതായി സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥന്‍ സമിതിയെ അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.പി. വാപ്പുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാരായ കെ. ഗിരീഷ് കുമാര്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.