ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്കില്‍ വസ്ത്ര നിര്‍മാണ കേന്ദ്രത്തിനുള്ള നടപടികള്‍ ദ്രുതഗതിയില്‍

ഒറ്റപ്പാലം: കിന്‍ഫ്ര പാര്‍ക്കില്‍ റെഡിമെയ്ഡ് വസ്ത്ര നിര്‍മാണശാല ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. 1500 യുവതികള്‍ക്ക് തൊഴില്‍ സാധ്യതയുള്ള വസ്ത്ര നിര്‍മാണകേന്ദ്രം ഒരു മാസത്തിനകം ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വ്യവസായ മന്ത്രിയെ ലഭ്യമാക്കേണ്ടതിനാല്‍ തീയതി പിന്നീട് നിശ്ചയിക്കും. നിര്‍മാണം പൂര്‍ത്തിയായ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കെട്ടിടത്തിലാണ് വസ്ത്ര നിര്‍മാണ കേന്ദ്രം തുടങ്ങുക. നാല് നിലകളിലുള്ള കെട്ടിടം പൂര്‍ണമായും വസ്ത്ര നിര്‍മാണ കേന്ദ്രത്തിന് വിട്ടുനല്‍കുമെന്ന് എം. ഹംസ എം.എല്‍.എ പറഞ്ഞു. രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതും ഒറ്റപ്പാലത്തെ കിന്‍ഫ്ര പാര്‍ക്കിലാണ്. ഇതിനായി കിന്‍ഫ്ര ഏറ്റെടുത്ത ഭൂമിയിലെ 60 ഏക്കറും വിട്ടുകൊടുത്തതാണ്. രാജ്യത്തിന്‍െറ പ്രതിരോധ സേനകള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍ നിര്‍മിക്കുന്ന പാര്‍ക്കില്‍ 4500 പേര്‍ക്ക് തൊഴില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ പ്രോജക്ട് തയാറാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു. ഡിഫന്‍സ് പാര്‍ക്കിന് 50 കോടി രൂപ കേന്ദ്ര സര്‍ക്കാന്‍ അനുവദിച്ചിട്ടുണ്ട്. വസ്ത്ര നിര്‍മാണ യൂനിറ്റില്‍ 18-30 വയസ്സിലുള്ള യുവതികളെ ജോലിക്കാരായി നിയമിക്കും. പ്രദേശ വാസികള്‍ക്ക് മുന്‍ഗണനയുണ്ടാകും. കിന്‍ഫ്ര പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ നിയമിതരാകുന്ന ജോലിക്കാരുടെ താമസസൗകര്യം കണക്കിലെടുത്ത് 19ാം മൈലിലെ ഹൗസിങ് ബോര്‍ഡ് കോളനിയില്‍ വനിതാ ഹോസ്റ്റല്‍ നിര്‍മിക്കുമെന്നും എം. ഹംസ പറഞ്ഞു. 8.91 കോടി രൂപയുടെ ഭരണാനുമതി ഇതിനായി ലഭിച്ചു കഴിഞ്ഞു. ഒരു വര്‍ഷത്തിനകം ഇതിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.