ഉത്സവ കമ്മിറ്റിക്കെതിരെ കേസ്

കല്ലടിക്കോട്: പുലാപ്പറ്റക്കടുത്ത് ചെറുനാലിശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടന്ന കൂട്ട എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ ഉത്സവ കമ്മിറ്റിക്കെതിരെ കേസെടുത്തു. നാട്ടാന പരിപാലന ചട്ടപ്രകാരം പൂരാഘോഷ കമ്മിറ്റി ഭാരവാഹികളുടെയും ബന്ധപ്പെട്ട ആനക്കാരുടെയും പേരിലാണ് വനംവകുപ്പ് കേസെടുത്തത്. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മുഴുവന്‍ ആനകള്‍ക്കും നിയമാനുസൃതമായ ഒൗദ്യോഗികാനുമതി വാങ്ങിക്കുകയും പരിശോധനാ സമയത്ത് ഹാജരാക്കുകയും ചെയ്യാത്തതിനാണ് കേസെടുത്തത്. പൂരം നാളില്‍ ക്ഷേത്രമൈതാനിയില്‍ മൊത്തം 19 ആനകളെയാണ് എഴുന്നള്ളിപ്പിന് അണിനിരത്തിയത്. ഇവയില്‍ ഏഴ് ആനകളെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് കൊണ്ടുവന്നത്. ഒളരിക്കര കാളിദാസ് എന്ന ആന ഇടഞ്ഞോടി മുപ്പതോളം ചെറുതും വലുതുമായ വാഹനങ്ങള്‍ കുത്തിമറിച്ചിട്ട് നശിപ്പിച്ചു. കച്ചവട സാധനങ്ങളും ചവിട്ടി നശിപ്പിച്ചു. എഴുന്നള്ളിപ്പ് സമയം ആനപ്പുറത്തുണ്ടായിരുന്ന പാലക്കാട് കൊപ്പം സ്വദേശി മഹേഷ് (22) ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, വീണ് പരിക്കേറ്റ യുവാവ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്സവങ്ങള്‍ക്കായി ആനകളെ എഴുന്നള്ളിക്കുമ്പോള്‍ സ്ഥലം സോഷ്യല്‍ ഫോറസ്റ്റ് ഡി.എഫ്.ഒയില്‍ നിന്നോ പൊലീസ് സ്റ്റേഷനില്‍ നിന്നോ 72 മണിക്കൂര്‍ മുമ്പ് അനുമതി വാങ്ങിക്കണമെന്നാണ് നിലവിലെ നിയമം. അഞ്ചോ, അതിലധികമോ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ എലിഫെന്‍റ് സ്ക്വാഡിന്‍െറ സാന്നിധ്യം ഉറപ്പാക്കുകയും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയും ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.