ഷൊര്‍ണൂരില്‍ കുടിവെള്ളം മുട്ടുന്നു

ഷൊര്‍ണൂര്‍: വേനല്‍ കനക്കുന്നതിന് മുമ്പേ കുടിവെള്ളം മുട്ടി ഷൊര്‍ണൂരുകാര്‍ വലയുന്നു. ജലഅതോറിറ്റിയുടെ പ്രധാന കുടിവെള്ള സ്രോതസ്സായ ഭാരതപ്പുഴയില്‍ പമ്പിങ്ങിന് വേണ്ട വെള്ളമുണ്ടായിരിക്കെയാണ് വിവിധ കാരണങ്ങളാല്‍ ജനങ്ങള്‍ക്ക് കുടിവെള്ളം മുട്ടുന്നത്. പ്രധാന പൈപ്പുകളടക്കം നിരന്തരം പൊട്ടി വെള്ളം വലിയതോതില്‍ പാഴാകുന്നതാണ് ദുരവസ്ഥക്ക് മുഖ്യകാരണം.  പമ്പിങ് നടത്തുന്നതിലും കൂടുതല്‍ ജലം ഇങ്ങനെ മിക്ക ദിവസങ്ങളിലും പാഴാകുന്നു. ഇവ ഉടനടി നന്നാക്കുന്നതിന് സംവിധാനവുമില്ല. ഉപ പൈപ്പ് ലൈനുകള്‍ പൊട്ടുന്നത് പിന്നെയും സ്ഥിതി ഗുരുതരമാക്കുന്നു. വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം തിരിച്ചുവിടുന്നതിന് സ്ഥാപിച്ച വാള്‍വുകള്‍ യഥാസമയം അടക്കുകയും തുറക്കുകയും ചെയ്യുന്നില്ല. ഇത് ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് വെള്ളം ലഭിക്കാതിരിക്കാന്‍ ഇടയാക്കുന്നു.  ഈ പ്രശ്നം കാരണം കണയം വായനശാല പരിസരങ്ങളിലുള്ളവര്‍ക്ക് പത്ത് ദിവസമായി വെള്ളം ലഭിച്ചിട്ടില്ല. മാത്രമല്ല വാള്‍വ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളുടെ മാപ് പോലും ജലഅതോറിറ്റി അധികൃതരുടെ കൈവശമില്ല. ഇതിനാല്‍ അനാവശ്യമായി പലയിടങ്ങളിലും വാള്‍വ് കണ്ടുപിടിക്കാന്‍ കുഴിയെടുക്കേണ്ടിവരുന്നുണ്ട്.  വാള്‍വ് തുറക്കാനും അടക്കാനും പരിചയമുള്ള നാട്ടുകാരില്‍ ചിലര്‍ അവരുടെ വീടിന്‍െറ പരിസരത്തേക്ക് വെള്ളം കിട്ടുന്നതിന് വേണ്ടി മുഴുവന്‍ സമയവും അങ്ങോട്ട് തുറക്കുന്നതും പ്രശ്നമാണ്. പൊതുടാപ്പുകളില്‍നിന്ന് വ്യാപകമായി ഓവുകളിട്ട് വെള്ളം വീടുകളിലെ ടാങ്കുകളിലടക്കം ശേഖരിച്ച് വെക്കുന്നതും മറ്റൊരു കാരണമാണ്.  കൃഷിക്ക് നനക്കുന്നതും വാഹനങ്ങള്‍ കഴുകുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതും പ്രശ്നത്തിന്‍െറ ഗൗരവം കൂട്ടുന്നു. വേനല്‍ കനത്തതോടെ കിണറുകളുള്ള വീട്ടുകാര്‍പോലും ജലഅതോറിറ്റിയുടെ വെള്ളം കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് കിണറുകളില്ലാത്തവരെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.  താപനില കൂടി വരുന്നതിനാല്‍ വെള്ളത്തിന്‍െറ ഉപയോഗം ക്രമാതീതമായി കൂട്ടിയിട്ടുണ്ട്.  ഷൊര്‍ണൂരില്‍ നിര്‍മാണം സ്തംഭനാവസ്ഥയിലായ സ്ഥിരം തടയണയുടെ പ്രവൃത്തി പുനരാരംഭിക്കാന്‍ നടപടിയായിട്ടുമില്ല. ഇത് വേനല്‍ കൂടുതല്‍ രൂക്ഷമാകുന്നതോടെ ജനങ്ങളെ വറുതിയിലാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.