ചട്ടം മറികടന്ന് ഡെയറി പ്രമോട്ടര്‍മാരെ സ്ഥിരപ്പെടുത്തി; ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന് ആരോപണം

പാലക്കാട്: ക്ഷീരവികസന വകുപ്പില്‍ തീറ്റപ്പുല്‍കൃഷി പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ നിയമിതരായ ഡെയറി പ്രമോട്ടര്‍മാരെ സര്‍ക്കാര്‍ ചട്ടം മറികടന്ന് സ്ഥിരപ്പെടുത്തി. ലക്ഷങ്ങള്‍ കോഴ പിരിച്ചാണ് സ്ഥിരനിയമനം നല്‍കിയതെന്നാണ് ആരോപണം. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ക്ഷീരവികസന ബ്ളോക്ക് ഓഫിസുകളിലെ 152 ഡെയറി പ്രമോട്ടര്‍മാരെ കാഷ്വല്‍ ജീവനക്കാരായി പരിഗണിച്ച് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്. ക്ഷീരവികസന ഡയറക്ടറുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. പ്രോജക്ടിന്‍െറ ഭാഗമായി നിയമിതരാവുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന കീഴ്വഴക്കം മറികടന്നാണ് ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കിയത്്. ക്ഷീരവികസന മന്ത്രിയുടെ ഓഫിസും ഡയറക്ടറേറ്റുമാണ് ഇതിന് ചരടുവലിച്ചതെന്നാണ് സൂചന. ഏതാനും മാസംമുമ്പ് കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രമുഖ ഭരണകക്ഷിയുമായി ബന്ധപ്പെട്ടവര്‍ മലപ്പുറത്ത് ഡെയറി പ്രമോട്ടര്‍മാരുടെ യോഗം വിളിച്ചിരുന്നു. സ്ഥിരനിയമനത്തിന് രണ്ടുലക്ഷം രൂപയാണ് ഓരോരുത്തരില്‍നിന്നും കോഴ ആവശ്യപ്പെട്ടതത്രെ. ധനവകുപ്പിന്‍െറ എതിര്‍പ്പ് മറികടക്കാന്‍ വേണ്ടിയാണ് പണമെന്നായിരുന്നു ഇവരുടെ വിശദീകരണം. 1.5 ലക്ഷം രൂപ വീതമാണ് ഡെയറി പ്രമോട്ടര്‍മാര്‍ നല്‍കിയത്. വകുപ്പിലെ ഉന്നത ഉദ്യോസ്ഥര്‍ക്കുവരെ വിഹിതമത്തെിയെന്നാണ് സൂചന. 2003ല്‍ തീറ്റപ്പുല്‍ കൃഷി സ്കീം പ്രാബല്യത്തില്‍ വന്ന സമയത്താണ് ഓരോ ബ്ളോക്കിലും ഒരാളെ വീതം 152 ബ്ളോക്കിലും ഡെയറി പ്രമോട്ടര്‍മാരെ നിയമിച്ചത്. വര്‍ഷത്തില്‍ എട്ട് മാസത്തേക്കാണ് ഇവരുടെ നിയമനം. താല്‍ക്കാലിക വ്യവസ്ഥയിലാണ് നിയമനമെങ്കിലും മിക്കവരും വര്‍ഷങ്ങളായി ജോലിയില്‍ തുടരുന്നവരാണ്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നിയമിതരായവരാണ് ഏറെപേരും. നിലവില്‍ 4000 രൂപയാണ് ഇവരുടെ പ്രതിമാസ ഓണറേറിയം. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയാക്കി നിയമിതരായ ഡെയറി പ്രമോട്ടര്‍മാര്‍ക്ക് പ്യൂണ്‍ തസ്തികക്ക് മീതെയുള്ള തസ്തികയിലാണ് സ്ഥിരനിയമനം നല്‍കിയത്. ശമ്പള സ്കെയില്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രിസഭാ തീരുമാനത്തില്‍ പറയുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.