പാലക്കാട്: വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടക്കുന്ന ഉപരോധത്തില്‍ ജില്ലയില്‍നിന്ന് ആയിരത്തിലധികം ഭൂരഹിതരെ പങ്കെടുപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതി ജില്ലാ നേതാക്കള്‍ അറിയിച്ചു. 2015 ഡിസംബര്‍ 31ന് മുമ്പ് കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റും എന്ന വാഗ്ദാനം നല്‍കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. ഒരു ഭാഗത്ത് ലക്ഷണക്കണക്കിന് ഏക്കര്‍ ഭൂമി വന്‍കിടക്കാര്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരുടെ മുന്നില്‍ മാത്രം ഭൂമിയുടെ അപര്യാപ്തത പറയുകയാണ്. ഇതിനെല്ലാം പരിഹാരം സമഗ്രമായ ഭൂപരിഷ്കരണമാണ്. അതിനായി പ്രത്യേക കമീഷനെ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ തിരിച്ചു പിടിക്കണം. ഭൂരഹിതര്‍ക്ക് നല്‍കാവുന്നതായ ഭൂമി മിക്കവാറും താലൂക്കുകളിലുണ്ട്. ഇത് വിതരണം ചെയ്യാന്‍ അധികൃതര്‍ തയാറാവണം. ഏക്കറിന് ഒരു രൂപ നിരക്കില്‍ വാര്‍ഷിക പാട്ടം നിശ്ചയിച്ച കമ്പനികള്‍ 500 കോടി പാട്ട കുടിശ്ശിക നല്‍കാനുണ്ട്. നെല്ലിയാമ്പതിയിലെ പുല്ലുകാട് കോളനിയിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്ന് 2010ല്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ട് പോലും അത് നടപ്പാക്കാന്‍ തയാറായിട്ടില്ല. മംഗലം ഡാം കടപ്പാറ ആദിവാസികളുടെ ആവശ്യവും പരിഹരിക്കപ്പെടാതെ നീണ്ടുപോകുന്നു. ജില്ലയിലെ 20,000ഓളം വരുന്ന ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ അപേക്ഷകര്‍ക്ക് എത്രയും വേഗം ഭൂമി നല്‍കണമെന്നും അല്ലാത്തപക്ഷം വലിയ പ്രക്ഷോഭത്തിലേക്ക് പാര്‍ട്ടി കടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എം. സുലൈമാന്‍, ഭൂസമര സമിതി ജില്ലാ കണ്‍വീനര്‍ കരീം പറളി, എം. മത്തായി മാസ്റ്റര്‍, അജിത് കൊല്ലങ്കോട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.