കടപ്പാറ സമരം ഒരു മാസം പിന്നിട്ടു : വനഭൂമിയില്‍ കൃഷിയിറക്കാന്‍ ആദിവാസികള്‍ ഒരുങ്ങുന്നു

വടക്കഞ്ചേരി: കടപ്പാറ മൂര്‍ത്തിക്കുന്നിലെ ആദിവാസി കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ ഭൂമിക്കുവേണ്ടിയുള്ള സമരം ഇന്നേക്ക് 32ാം ദിവസം കടന്നു. ഭൂപ്രശ്നത്തില്‍ തീരുമാനം വൈകുകയാണെങ്കില്‍ വനഭൂമിയില്‍ കൃഷിയിറക്കി സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം. സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും പിന്തുണ നല്‍കുന്നുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഏതാനും മരങ്ങള്‍ മുറിച്ചുമാറ്റി. സ്ഥലം കൃഷിയോഗ്യമാക്കാനുള്ള പ്രവൃത്തികളാണ് നടക്കുന്നത്. സമരപ്പന്തലിന് പുറമെ ആറോളം കുടിലുകളും കെട്ടിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം കടപ്പാറയില്‍ കോളനിയോട് ചേര്‍ന്ന് 14.67 ഏക്കര്‍ വനഭൂമിയുണ്ടെന്ന് സര്‍വേ സംഘം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. കലക്ടര്‍ സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ടു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഉടന്‍ തുടര്‍നടപടി ഉണ്ടാവുമെന്ന് സൂചനയുണ്ട്. വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയുമോയെന്നാണ് പരിശോധിക്കുക. ഇതുമായി ബന്ധപ്പെട്ട് പട്ടികവര്‍ഗ അംഗങ്ങളുടെ കമ്മിറ്റി രൂപവത്കരണം ഉടന്‍ നടക്കും. കടപ്പാറയില്‍ വനഭൂമി കൈയേറ്റമുള്ളതിനാല്‍ ഒഴിപ്പിക്കല്‍ വേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.