നിര്‍മാണം അന്തിമഘട്ടത്തില്‍: ബാപ്പുജി പാര്‍ക്ക് ഇനി കുട്ടികള്‍ക്ക്

ശ്രീകൃഷ്ണപുരം: ഷെഡ്ഡിന്‍കുന്നില്‍ കുട്ടികള്‍ക്കായി ഒരുക്കിയ ബാപ്പുജി പാര്‍ക്കിന്‍െറ ഉദ്ഘാടനം ഫെബ്രുവരി 28ന് വൈകീട്ട് 5.30ന് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. എം.ബി. രാജേഷ് എം.പി. മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ എം. ഹംസ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഗാന്ധിജിയുടെ കരിമ്പുഴ സന്ദര്‍ശനത്തിന്‍െറ ഓര്‍മക്കായാണ് ബാപ്പുജി പാര്‍ക്ക് നിര്‍മിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വാദ്യമാവും വിധമാണ് പാര്‍ക്കിന്‍െറ രൂപകല്‍പന. അഞ്ച് കോടി രൂപ ചെലവില്‍ കലക്ടര്‍ ചെയര്‍മാനായ സമിതിയുടെ കീഴില്‍ ഡി.ടി.പി.സിയും ജലസേചനവകുപ്പും ചേര്‍ന്നാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. 16-ഡി തിയേറ്റര്‍ ഓപ്പണ്‍ സ്റ്റേജ്, മള്‍ട്ടി പര്‍പ്പസ് ഹാള്‍, പവലിയന്‍, യന്ത്ര ഊഞ്ഞാല്‍, സീസോ, ട്രാഫിക് സിഗ്നല്‍ നോക്കി ഓടിക്കാനുള്ള കാറുകള്‍, വ്യായാമത്തിനുള്ള സൗകര്യം എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിന്‍െറ രണ്ടാം ഘട്ടത്തിന്‍െറ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിദേശത്തുനിന്നത്തെിയതുള്‍പ്പെടെയുള്ള കളിയുപകരണങ്ങള്‍ സ്ഥാപിക്കുന്ന പണി അടുത്തയാഴ്ച തുടങ്ങും. ആലപ്പുഴയില്‍ പണി പൂര്‍ത്തിയാകുന്ന കൂറ്റന്‍ ഗാന്ധിപ്രതിമ ഉടന്‍ തന്നെ പാര്‍ക്കില്‍ സ്ഥാപിക്കും. പാര്‍ക്കിന്‍െറ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 27 വരെ വിവിധ കേന്ദ്രങ്ങളിലായി ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 21ന് അഞ്ച് മണിക്ക് ലോകമാതൃഭാഷാദിനത്തില്‍ കടമ്പഴിപ്പുറം ജി.യു.പി സ്കൂളില്‍ നടക്കുന്ന കവി സമ്മേളനത്തില്‍ മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയാകും. 22ന് രാവിലെ 10ന്് ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നടക്കുന്ന ബിഗ്ബാനര്‍ ചിത്രരചനയില്‍ ചിത്രകാരന്‍ മദനന്‍ പങ്കെടുക്കും. 23ന് രാവിലെ 10ന് റണ്‍ ഫോര്‍ പീസ് എന്ന പേരില്‍ വിവിധ സ്കൂളുകളില്‍ കൂട്ടയോട്ടം സംഘടിപ്പിക്കും. ശ്രീകൃഷ്ണപുരത്ത് ദേശീയ കായികതാരം പി.യു. ചിത്ര നേതൃത്വം നല്‍കും. 25ന് വൈകുന്നേരം അഞ്ചിന് ഷെഡ്ഡിന്‍കുന്നില്‍ നടക്കുന്ന വള്ളുവനാടന്‍ കലകളുടെ സംഗമത്തില്‍ സദനം ഹരികുമാര്‍ മുഖ്യാതിഥിയാകും. വിവിധ നാടന്‍ കലകള്‍ അരങ്ങേറും. 26ന് പഞ്ചായത്ത് കല്ല്യാണമണ്ഡപത്തില്‍ 'ഗാന്ധിജി: കാലവും ചരിത്രവും' ഫോട്ടോ പ്രദര്‍ശനം രാവിലെ 10ന് സബ് കലക്ടര്‍ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്യും. 27ന് വൈകുന്നേരം അഞ്ചിന്് നടക്കുന്ന കലാസന്ധ്യ എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വയലിനിസ്റ്റ് സ്റ്റീഫന്‍ ദേവസി മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.