ബില്ലടച്ചില്ല; കലക്ടറേറ്റിലെ വൈദ്യുതി വിച്ഛേദിച്ചു

പാലക്കാട്: ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് കലക്ടറേറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടര്‍ന്ന് കലക്ടറേറ്റിലെ ഓഫിസുകളുടെ പ്രവര്‍ത്തനം വെള്ളിയാഴ്ച പകല്‍ മൂന്നുവരെ തടസ്സപ്പെട്ടു. സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും വന്ന ജനങ്ങള്‍ കാര്യങ്ങള്‍ നടത്താനാവാതെ തിരിച്ചുപോയി. ഓഫിസുകളെല്ലാം കമ്പ്യൂട്ടര്‍വത്കരിച്ചതിനാല്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാനും പറ്റാത്ത അവസ്ഥയായിരുന്നു. ശനിയും ഞായറും ഓഫിസുകള്‍ക്ക് അവധിയാണ്. കെ.എസ്.ഇ.ബി അധികൃതര്‍ക്ക് തിങ്കളാഴ്ച കുടിശ്ശിക അടച്ച് തീര്‍ക്കാമെന്ന് ഉച്ചകഴിഞ്ഞ് 2.30ഓടെ എ.ഡി.എം രേഖാമൂലം എഴുതി നല്‍കിയതിനാല്‍ 2.50ഓടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. കലക്ടറേറ്റ് ഓഫിസ് കോംപ്ളക്സില്‍ 40 ഓഫിസുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ആറുമാസത്തെ വൈദ്യുതി കുടിശ്ശികയായ 5,69,018 രൂപയാണ് അടക്കാനുണ്ടായിരുന്നത്. പലതവണ ഡിമാന്‍ഡ് നോട്ടിസ് അയച്ചിട്ടും തുക അടക്കാത്തതിനാലാണ് വൈദ്യുതി വിച്ഛേദിച്ചതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. ഒരുവര്‍ഷം മുമ്പ് വൈദ്യുതി കുടിശ്ശിക അടക്കാത്തതിനാല്‍ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇതിനെതുടര്‍ന്ന്, ജില്ലാ കലക്ടര്‍ അതാത് ഓഫിസുകള്‍ വൈദ്യുതി തുക എ.ഡി.എമ്മിനെ ഏല്‍പിക്കാന്‍ ഉത്തരവിട്ടിരുന്നു. 40 ഓഫിസുകളില്‍19 എണ്ണം ഒഴിച്ച് ബാക്കി ഓഫിസുകള്‍ തുക അടച്ചില്ല. ഇതിനുവേണ്ടി ബന്ധപ്പെട്ട ഓഫിസുകളില്‍ ക്ളര്‍ക്കുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും അവര്‍ വീഴ്ച വരുത്തിയതാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാന്‍ ഇടയാക്കിയത്. വിവിധ ആവശ്യങ്ങള്‍ക്കായി കലക്ടറേറ്റിലെ ഓഫിസുകളിലത്തെിയവരാണ് ഏറെ ബുദ്ധിമുട്ടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.