കോട്ടപ്പള്ള–ഓലപ്പാറ മലയോര പാത നിര്‍മാണം പൂര്‍ത്തിയാവുന്നു

അലനല്ലൂര്‍: മലയോര കുടിയേറ്റ കാര്‍ഷിക മേഖലയായ ഉപ്പുകുളം പൊന്‍പാറ ഓലപ്പാറ വഴിയുള്ള കരുവാരകുണ്ട് റോഡിന്‍െറ നിര്‍മാണം പൂര്‍ത്തിയാവുന്നു. പതിറ്റാണ്ട് കാലമായുള്ള റോഡിന്‍െറ ശോച്യാവസ്ഥക്ക് ഇതോടെ വിരാമമായി. 3.52 കോടി രൂപ ചെലവഴിച്ചാണ് കോട്ടപ്പള്ള മുതല്‍ മലയോര പ്രദേശമായ ഓലപ്പാറ വരെയുള്ള അഞ്ചിലേറെ കിലോമീറ്റര്‍ ഗതാഗതയോഗ്യമാക്കിയത്. മൂച്ചിക്കല്‍ പ്രദേശത്തുനിന്ന് കോട്ടപ്പള്ള വരെയുള്ള റോഡ് നിര്‍മാണവും അന്തിമ ഘട്ടത്തിലാണ്. 2012ല്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ബജറ്റില്‍ ഉള്‍പ്പെടുത്തിയതാണ് ഈ റോഡ് നിര്‍മാണം. 2013ല്‍ ഭരണാനുമതി കിട്ടിയ ശേഷം ടെന്‍ഡര്‍ ഏറ്റെടുക്കാനാളില്ലാതെ ഒന്നര വര്‍ഷം പദ്ധതി മുടങ്ങിക്കിടന്നു. നിര്‍മാണം മുടങ്ങുമെന്ന സ്ഥിതിയിലാണ് 15 ശതമാനം അധിക എസ്റ്റിമേറ്റില്‍ നിലമ്പൂരിലെ ടാന്‍ ബി കമ്പനി കോണ്‍ട്രാക്ട് ഏറ്റെടുത്ത് പ്രവൃത്തി നടത്തിയത്. റോഡ് പ്രവൃത്തി അവസാന ഘട്ടത്തിലത്തെിയതോടെ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് നാട്ടുകാര്‍. എടത്തനാട്ടുകരയില്‍നിന്ന് കരുവാരകുണ്ടിലേക്കുള്ള ദൂരം പകുതിയായി കുറയും. മലയോര മേഖലയിലെ ഓലപ്പാറ, കപ്പി, ചൂളി, മുണ്ടക്കുളം, ചോലമണ്ണ്, ചൂളിക്കുന്ന്, ചൂരപ്പെട്ട, ഓടക്കുളം, ചെകിടിക്കുഴി, കിളേപ്പാടം, കല്ലംപള്ളിയാല്‍, പാണ്ടിക്കോട് തുടങ്ങിയ നിരവധി പ്രദേശത്തെ വികസനത്തിന് തുടക്കം കുറിക്കുന്നതോടൊപ്പം കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വും സാധ്യമാവും. മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റൂട്ടില്‍ ബസ് സര്‍വിസിനും സാധ്യത ഏറെയാണ്. നിര്‍ദിഷ്ട മലയോര ഹൈവേ കടന്നുപോകുന്ന റൂട്ടില്‍ മലപ്പുറം ജില്ലയില്‍നിന്ന് പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന റോഡുമാണിത്. മൂച്ചിക്കല്‍-കോട്ടപ്പള്ള വരെയുള്ള ഭാഗം ആറ് മീറ്ററോളം വീതിയിലും കോട്ടപ്പള്ള-പൊന്‍പാറ വരെ 3.80 മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മിച്ചിട്ടുള്ളത്. പൊന്‍പാറ മുതല്‍ ഓലപ്പാറ വരെ കുത്തനെയുള്ള മലയിലുടെയുള്ള 900 മീറ്റര്‍ ദൂരം കോണ്‍ക്രീറ്റിലാണ് നിര്‍മാണം നടന്നിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.