നഗരപാതകളില്‍ വ്യാജ ടാക്സി പ്രളയം; പ്രതിഷേധവുമായി തൊഴിലാളികള്‍

പാലക്കാട്: സ്വകാര്യ വാഹനങ്ങള്‍ ടാക്സിയായി ഓടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ടാക്സി തൊഴിലാളികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യാജ ടാക്സികളുടെ അതിപ്രസരം കാരണം ടാക്സി ഡ്രൈവര്‍മാര്‍ പ്രതിസന്ധിയിലാണ്. പാലക്കാട് ജില്ലയില്‍ മാത്രം നൂറിലധികം സ്വകാര്യ വാഹനങ്ങള്‍ സ്ഥിരമായി ടാക്സികളായി ഓടുന്നുണ്ട്. നഗരത്തില്‍ രജിസ്റ്റര്‍ ചെയ്ത 90 ശതമാനം ഇന്നോവ കാറുകള്‍ വ്യാജ ടാക്സിയായി സര്‍വിസ് നടത്തുന്നുണ്ട്. ഇത്തരം വാഹനങ്ങളെ പിടികൂടിയാലും അധികാരികള്‍ ചെറിയ തുക പിഴ ചുമത്തി വിട്ടയക്കുകയാണ്. ഹൈവേ നിര്‍മാണ കമ്പനികളും വ്യവസായ സ്ഥാപനങ്ങളും ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യാജ ടാക്സികളെയാണ് കരാര്‍ അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും വ്യാജ ടാക്സികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ടാക്സി പെര്‍മിറ്റ് നേടി ഉയര്‍ന്ന വാഹന നികുതിയും ഇന്‍ഷുറന്‍സ് പ്രീമിയവും അടച്ച് രാവും പകലും ഓട്ടത്തിന് കാത്തുകിടക്കുന്ന ടാക്സി തൊഴിലാളികള്‍ വ്യാജ ടാക്സികള്‍ മൂലം കടക്കെണിയിലാണ്. ഉപജീവനത്തിന് കഷ്ടപ്പെടുന്ന ടാക്സി തൊഴിലാളികളുടെ നിലനില്‍പ്പ് ഉറപ്പുവരുത്താന്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് തൊഴിലാളി ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. സ്കറിയ, ടാക്സി തൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടറി കെ. ബാബു, രാഗേഷ്, സുനില്‍ എന്നിവര്‍ പങ്കെടുത്തു. പാലക്കാട്: ടാക്സും പെര്‍മിറ്റുമെടുത്ത് യാത്രാ സൗകര്യമൊരുക്കുന്ന ടാക്സികളെ നോക്കുകുത്തിയാക്കുന്ന കള്ള ടാക്സികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഓട്ടോ-ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂനിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ഫെഡറേഷന്‍ സെക്രട്ടറി എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. ബാബു സംസാരിച്ചു. ടി.പി. രാധാകൃഷ്ണന്‍ സ്വാഗതവും കെ.പി. മസൂദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.