റൈഫിള്‍ അസോസിയേഷന്‍ ജോ. സെക്രട്ടറി രാജിവെച്ചു

പാലക്കാട്: റൈഫിള്‍ അസോസിയേഷന്‍ വെടിയുണ്ട കേസുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ഷൂട്ടിങ് താരങ്ങള്‍ക്ക് പരിശീലനം മുടങ്ങിയതുമായി ബന്ധപ്പെട്ട പരാതികളുടെ തുടര്‍ച്ചയായി ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറി കെ. സനല്‍കുമാര്‍ തല്‍സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ജില്ലാ റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ ജില്ലാ കലക്ടര്‍ക്ക് നല്‍കി. പാലക്കാട് റൈഫിള്‍ ക്ളബിന് ആയുധ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനാല്‍ തന്‍െറ ഉത്തരവാദിത്തത്തില്‍ ഷൂട്ടിങ് പരിശീലനത്തിന് അനുമതി നല്‍കുന്നത് നിയമവിരുദ്ധമാവുമെന്ന് രാജിക്കത്തില്‍ പറയുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് കോച്ച് വി. വിപിന്‍ദാസിനെതിരെ ഉയര്‍ന്ന പരാതിയില്‍ സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ അന്വേഷണം നടക്കുന്നുണ്ട്. ആയുധ നിയമത്തിന്‍െറ ലംഘനവുമായി ബന്ധപ്പെട്ട പരാതികളില്‍ റൈഫിള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ കേസുണ്ട്. ഈ സാഹചര്യത്തില്‍ ആയുധ ലൈസന്‍സ് ഇല്ലാത്ത റൈഫിള്‍ ക്ളബിന് നേതൃത്വം നല്‍കാനാവില്ളെന്ന് രാജിക്കത്തില്‍ പറയുന്നു. വെടിയുണ്ട പണയം വാങ്ങിയതുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി ദേവസ്യ കുര്യനെതിരെ പൊലീസ് കേസെടുത്തതിനെ തുടര്‍ന്നാണ് സനല്‍കുമാര്‍ സെക്രട്ടറി ചുമതലയേറ്റത്. ആയുധ നിയമപ്രകാരമുള്ള ഷൂട്ടിങ് റേഞ്ചിന്‍െറ ലൈസന്‍സ് ജില്ലാ സെക്രട്ടറിയുടെ പേരിലാണ്. ഇദ്ദേഹത്തിനെതിരെ കേസുള്ളതിനാല്‍ ഈ വര്‍ഷം ജില്ലാ കലക്ടര്‍ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. പകരം ശനിയാഴ്ച ജില്ലാ കലക്ടറുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് നിബന്ധനയോടെ റൈഫിള്‍ ക്ളബില്‍ പരിശീലനത്തിന് സൗകര്യമൊരുക്കാനും ഇതിന് സെക്രട്ടറി ഇന്‍ചാര്‍ജിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ഷൂട്ടിങ് താരങ്ങളും രക്ഷിതാക്കളും ഞായറാഴ്ച അസോസിയേഷനെ സമീപിച്ചെങ്കിലും രേഖാമൂലം നിര്‍ദേശം ലഭിക്കാതെ ക്ളബ് തുറന്നു കൊടുക്കാനാവില്ളെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. മിനുട്സിന്‍െറ കോപ്പി ഓര്‍ഡറായി സ്വീകരിക്കാന്‍ നിര്‍വാഹമില്ളെന്നും ഭാരവാഹികള്‍ നിലപാടെടുത്തു. ഈ വിവാദത്തിന്‍െറ തുടര്‍ച്ചയായാണ് ജോയിന്‍റ് സെക്രട്ടറിയുടെ രാജി. ക്ളബിന്‍െറ തുടര്‍ന്നുള്ള ചുമതല ട്രഷറര്‍ കെ.എന്‍. ജയകുമാറിന് കൈമാറിയതായും രാജിക്കത്തില്‍ വ്യക്തമാക്കി. സെക്രട്ടറിക്കെതിരെ കേസുള്ളതിന്‍െറ പേരില്‍ മാത്രം റൈഫിള്‍ ക്ളബിന് കലക്ടര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതില്‍ അസോസിയേഷനില്‍ പ്രതിഷേധം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.