മണ്ണ് കടത്ത് തടയാന്‍ ശ്രമിച്ച സെക്രട്ടറിക്ക് സ്ഥലംമാറ്റം

ആനക്കര: പഞ്ചായത്തിന് മുന്നില്‍ നടക്കുന്ന മണ്ണ് ഖനനം നിയമം മൂലം തടയാന്‍ ശ്രമിച്ച സെക്രട്ടറിയെ സ്ഥലംമാറ്റി. പട്ടിത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയാണ് കുലുക്കല്ലൂരിലേക്ക് സ്ഥലം മാറ്റിയത്. പഞ്ചായത്ത് ഓഫിസിന് സമീപത്തായി ഏക്കര്‍കണക്കിന് കുന്നാണ് ഏറെ കാലമായി നിരത്തുന്നത്. ഇതിനെതിരെ ബഹുജനരോക്ഷം ഉടലെടുത്തതോടെ പട്ടിത്തറ വില്ളേജ് ഓഫിസറും മറ്റും നിരോധം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ സബ് കലക്ടര്‍, ജില്ലാ കലക്ടര്‍ എന്നിവരും ശക്തമായ നടപടിക്ക് മുതിര്‍ന്നതോടെ കുന്നിടിക്കലിന് താല്‍ക്കാലിക നിരോധം ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ ഉടമകള്‍ കോടതിയെ സമീപിച്ചങ്കിലും ജില്ലാ കലക്ടറുടെ തീരുമാനം വരുന്നത് വരെ തല്‍സ്ഥിതി തുടരാനായിരുന്നു ഉത്തരവ്. പിന്നീട് പട്ടിത്തറ പഞ്ചായത്ത് സെക്രട്ടറിയോടാണ് നിയമ നടപടി കൈകൊള്ളാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. അതുപ്രകാരം സെക്രട്ടറി നിരോധം കൊണ്ടുവന്നെങ്കിലും രേഖ സ്വീകരിക്കാന്‍ സ്ഥല ഉടമ തയാറായില്ലത്രെ. തുടര്‍ന്ന് നിരോധ ഉത്തരവ് സ്ഥലത്ത് പതിച്ചങ്കിലും കീറികളഞ്ഞ് വീണ്ടും പ്രവൃത്തി നടത്തിയതോടെ സെക്രട്ടറി തൃത്താല പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, പരാതിയില്‍ കാര്യമായ നടപടി വരുന്നതിന് മുമ്പേ സെക്രട്ടറിയെ സ്ഥലം മാറ്റുകയായിരുന്നു. അതേസമയം, മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തധികൃതര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടന്നും അത് പരിശോധിച്ചു വരികയാണന്നും തൃത്താല പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.