കാട്ടാനകളുടെ ആക്രമണം: വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിച്ചില്ല

കാളികാവ്: കാട്ടാനയുടെ ആക്രമണത്തില്‍ പുല്ലങ്കോട് എസ്റ്റേറ്റ് ഫീല്‍ഡ് ഓഫിസര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സോളാര്‍ വേലി സ്ഥാപിക്കുമെന്ന് വനം വകുപ്പ് പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും തുടങ്ങിയില്ല. കഴിഞ്ഞ ജനുവരി മൂന്നിനാണ് ഫീല്‍ഡ് ഓഫിസര്‍ മുരളീധരന്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാത ഉപരോധിച്ച് സമരം നടത്തിയിരുന്നു. കാളികാവ് എസ്.ഐ കെ.എ. സാബുവിന്‍െറ മധ്യസ്ഥതയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ധനിക്ലാല്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജനുവരി അഞ്ചിന് നിലമ്പൂര്‍ സൗത് ഡി.എഫ്.ഒ ഒ.കെ. ഷാജിയുമായി നടത്തിയ ചര്‍ച്ചയിലാണ് വനാതിര്‍ത്തിയില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കാന്‍ തീരുമാനമായത്. പത്ത് കിലോമീറ്ററോളം വരുന്ന സ്ഥലത്ത് സോളാര്‍ വേലി സ്ഥാപിക്കാനാണ് തീരുമാനിച്ചത്. 50 ലക്ഷം രൂപ ചെലവിലാണ് വേലി സ്ഥാപിക്കുകയെന്നും അഞ്ചുവരി ലൈന്‍ സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍,പ്രാഥമിക നടപടികള്‍ പോലും തുടങ്ങിയിട്ടില്ല. വനാതിര്‍ത്തിയില്‍ തീ കത്താതിരിക്കുന്നതിന് ഫയര്‍ ബെല്‍റ്റ് നിര്‍മാണം നടക്കുന്നുണ്ട്. സോളാര്‍ വേലി സ്ഥാപിക്കുന്നതിന് ആവശ്യമായ രീതിയിലാണ് ഫയര്‍ ബല്‍റ്റ് നിര്‍മിക്കുന്നതെങ്കില്‍ ഏറെ ഗുണകരമാകുമായിരുന്നു. എന്നാല്‍, ചില സ്ഥലങ്ങളില്‍ ഫയര്‍ബെല്‍റ്റ് സോളാര്‍ ലൈനിടുന്നതിന് ഗുണകരമായ വിധത്തിലല്ല ഉണ്ടാക്കിയിരിക്കുന്നത്. അഞ്ച് ലൈന്‍ കമ്പി വലിക്കുന്നതോടെ കാട്ടുപന്നികളുടെ ആക്രമണവും ഇല്ലാതാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.