പാലക്കാട്: തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ ജനങ്ങളിലേക്കത്തെിക്കാന്‍ ആസൂത്രണം ചെയ്ത ‘ഒപ്പം’ പരിപാടി ടൂറിസം-പട്ടികജാതി ക്ഷേമ മന്ത്രി എ.പി. അനില്‍കുമാര്‍ അവസാനനിമിഷം ഉപേക്ഷിച്ചു. വ്യാഴാഴ്ച രാവിലെ 11.30ന് പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിക്കായി തലസ്ഥാനത്തുനിന്ന് പബ്ളിക് റിലേഷന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച രാവിലെ എത്തി ഒരുക്കങ്ങള്‍ ആരംഭിച്ച ശേഷമാണ് പരിപാടി ഉപേക്ഷിച്ച വിവരം അറിയിച്ചത്. പരിപാടി വേണ്ടെന്നുവെക്കാനുള്ള കാരണം അറിയിച്ചിട്ടില്ല. എന്നാല്‍, സോളാര്‍ കമീഷന് മുന്നില്‍ ഉന്നയിക്കപ്പെട്ട മൊഴികളടക്കം സംസ്ഥാന സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ ഇതിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. രാഷ്ട്രീയ സാഹചര്യം മോശമായ സാഹചര്യത്തില്‍ ഇത്തരം പരിപാടി നടത്തിയാല്‍ വികസന നേട്ടങ്ങളില്‍ പൂര്‍ണമായി ഊന്നുക ശ്രമകരമാവുമെന്നതും കാരണമാണത്രെ. ജനരക്ഷാ യാത്ര നടത്തുന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും കഴിഞ്ഞദിവസം മുതല്‍ പ്രതിദിന വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചിരുന്നു. ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി ഡിജിറ്റല്‍ സംവിധാനത്തിന്‍െറ പിന്‍ബലത്തില്‍ നടത്തുന്ന സംവാദമായിരുന്നു ‘ഒപ്പം’ പരിപാടി കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. അതത് ജില്ലകളിലെ യു.ഡി.എഫ് സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായിരുന്നു ഇത്. അച്ചടി-ദൃശ്യ-മാധ്യമ പ്രവര്‍ത്തകരെ പരിപാടിക്കായി ഉദ്യോഗസ്ഥര്‍ നേരിട്ടത്തെി ക്ഷണിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ചഭക്ഷണത്തിനായി നല്‍കിയിരുന്ന ഓര്‍ഡര്‍ ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് ഉദ്യോഗസ്ഥര്‍ റദ്ദാക്കിയത്. പരിപാടി ഇനി എന്ന് നടക്കുമെന്ന വിവരം ബന്ധപ്പെട്ട ഓഫിസുകളില്‍ എത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.