വടവന്നൂര്‍: അപകടാവസ്ഥയിലായ കൊല്ലങ്കോട് ഊട്ടറ ഗായത്രി പുഴപ്പാലം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷന് വീണ്ടും പരാതി. മനുഷ്യാവകാശ കമീഷന്‍െറ ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഏറാട്ടില്‍ മുരുകന്‍ വീണ്ടും കമീഷനെ സമീപിച്ചത്. 2013ല്‍ മുരുകന്‍ കമീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമീഷനംഗം ആര്‍. നടരാജന്‍ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ് വിഭാഗത്തോട് വിശദീകരണം തേടിയിരുന്നു. 2014 ഏപ്രില്‍ 11ന് നല്‍കിയ ഉറപ്പില്‍ ഊട്ടറ പുഴപ്പാലം പുനര്‍നിര്‍മിക്കാന്‍ 3.35 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും ഇതിന് ഭരണാനുമതി ലഭിച്ചാല്‍ ഉടന്‍ പണി ആരംഭിക്കുമെന്നും രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ദുര്‍ബലാവസ്ഥയിലായ പാലം പുനര്‍നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. 1935ല്‍ നിര്‍മിച്ചതാണ് ഊട്ടറപ്പാലം. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലം കുലുങ്ങുന്ന അവസ്ഥയിലാണ്. മനുഷ്യാവകാശ കമീഷന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ ഉറപ്പ് രണ്ട് വര്‍ഷമായിട്ടും പൊതുമരാമത്ത് വകുപ്പ് പാലിച്ചില്ളെന്ന് മുരുകന്‍െറ ഹരജിയില്‍ പറയുന്നു. 2000ല്‍ പാലം തകര്‍ച്ച ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡ് അപ്രത്യക്ഷമായതോടെ കഴിഞ്ഞമാസം വീണ്ടും പാലത്തിന്‍െറ ദുര്‍ബലസ്ഥിതി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍, പാലം പൊളിച്ചുപണിയാന്‍ നടപടിയുണ്ടായില്ല. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പഞ്ചായത്തുകളുമായി ജില്ലാ ആസ്ഥാനത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കടന്നുപോകുന്നത് ഊട്ടറപ്പാലം വഴിയാണ്. പുനര്‍നിര്‍മാണം അടിയന്തരമായി നടത്തിയില്ളെങ്കില്‍ വന്‍ അപായസാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പത്ത് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ പാലം വഴി കടന്നുപോകുന്നതിന് വിലക്കുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. ദിനംപ്രതി നൂറിലധികം ചരക്കുലോറികള്‍ 40 ടണ്ണിലധികം ക്വാറി ഉല്‍പന്നങ്ങളുമായാണ് പാലത്തിലൂടെ പോകുന്നത്. 400ലധികം ബസുകളും സര്‍വിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.