കിഴക്കന്‍ മേഖലയില്‍ ജലക്ഷാമം രൂക്ഷം

ചിറ്റൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. കിഴക്കന്‍ മേഖലയില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ടാങ്കര്‍ ലോറിയെയാണ് ആശ്രയിക്കുന്നത്. തമിഴ്നാടിന്‍െറ അതിര്‍ത്തി മേഖലയായ വടകരപ്പതി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാതെ വലയുകയാണ്. മാര്‍ച്ച് മാസത്തോടെ രൂക്ഷമാവാറുള്ള ജലക്ഷാമം മഴ കുറഞ്ഞതുമൂലം നവംബര്‍ അവസാനത്തോടെതന്നെ കഠിനമായി. നവംബറില്‍തന്നെ ജലക്ഷാമം രൂക്ഷമായതോടെ മേഖലയിലെ ടാങ്കര്‍ ലോറിയിലെ കുടിവെള്ള വിതരണം അപര്യാപ്തമായിരിക്കുകയാണ്. വേലന്താവളം കുടിവെള്ള പദ്ധതിയില്‍നിന്നും കുഴല്‍ക്കിണറുകളില്‍നിന്നും ശേഖരിക്കുന്ന ജലമാണ് ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്നത്. മഴക്കുറവ് ഭൂഗര്‍ഭ ജലത്തിന്‍െറ കുറവ് ജലസംഭരണത്തിന് തടസ്സമാകുന്നുണ്ട്. മുമ്പെല്ലാം 300 അടി താഴ്ചയില്‍ ഭൂഗര്‍ഭ ജലം ലഭിച്ചിരുന്നത് ഇപ്പോള്‍ 1400 അടി കുഴിച്ചാലാണ് ലഭിക്കുന്നത്. അതിര്‍ത്തി മേഖലകളായ ഒഴലപ്പതി, കാരാംപാറ തുടങ്ങിയ ഉള്‍പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങിയിട്ട് ദിവസങ്ങളായി. ആഴ്ചയില്‍ എപ്പോഴെങ്കിലുമത്തെുന്ന ടാങ്കര്‍ ലോറിക്കായി കുടങ്ങളുമായി കാത്തിരിക്കേണ്ട ഗതിക്കേടിലാണ് ജനങ്ങള്‍. പലപ്പോഴും ആഴ്ചയില്‍ ഒരുതവണ മാത്രമാണ് കുടിവെള്ള വിതരണം നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഓട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലും കിലോമീറ്ററുകള്‍ താണ്ടിയും പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലുമുള്ള ജലം സംഭരിക്കാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. ദിവസങ്ങളായി ജലവിതരണം മുടങ്ങിയ പ്രദേശത്തെ ജനങ്ങള്‍ പ്രതിഷേധവുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു. കുടിവെള്ള വിതരണം ഒന്നിടവിട്ട ദിവസങ്ങളില്‍ നടത്തിയാല്‍ മാത്രമേ ജലക്ഷാമത്തിന് പരിഹാരമാവുകയുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.