ഹരിതകേരളം മിഷന്‍: സുരക്ഷയും മാലിന്യ നിര്‍മാര്‍ജനവും ഉറപ്പാക്കും –ജില്ല കലക്ടര്‍

പാലക്കാട്: ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കും. ഹരിതകേരളം മിഷന്‍ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും മറ്റുള്ളവരും ഗ്ളൗസ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതത് പി.എച്ച്.സിയില്‍ എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സിസൈക്ളിന്‍ ഗുളികകളുണ്ടെന്ന് ഉറപ്പാക്കിയതായി ഡി.എം.ഒ ഡോ. കെ.പി. റീത്ത അറിയിച്ചു. നിലവില്‍ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് പ്രവൃത്തി തുടങ്ങുന്നതിന് തലേദിവസം പി.എച്ച്.സികളില്‍നിന്ന് 200 മില്ലി ഗുളിക നല്‍കാറുണ്ട്. ഹരിതമിഷന്‍ പദ്ധതിയുടെ ഭാഗമായി ആവശ്യമുള്ള ഗുളികകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു. മിഷനുമായി ബന്ധപ്പെട്ട പഞ്ചായത്ത്തല യോഗങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും പങ്കെടുപ്പിക്കും. പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ള മാലിന്യം ഉടന്‍ നീക്കം ചെയ്യാന്‍ അതത് പഞ്ചായത്ത് സംവിധാനമൊരുക്കണമെന്നും ജില്ല കലക്ടര്‍ അറിയിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ ഡിസംബര്‍ എട്ടിന് നിരോധിത പ്ളാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. പ്ളാസ്റ്റിക് ഫ്രീ ഹോളിഡേ ദൗത്യവുമായി എല്ലാ വ്യാപാരികളും സഹകരിക്കണമെന്നും അറിയിച്ചു. ജില്ല കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.