കീടനാശിനികള്‍ക്കെതിരെ പ്രചാരണം തുടങ്ങി കൃഷിവകുപ്പിന്‍െറ കുറിപ്പില്ലാതെ വിറ്റാല്‍ നടപടി

പാലക്കാട്: വിഷമുക്ത പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും പരമാവധി ഉല്‍പാദനവും വിപണനവും ലക്ഷ്യമിട്ട്, കൃഷിയിടങ്ങളില്‍ മാരക കീടനാശിനികള്‍ ഉപയോഗിക്കുന്നത് തടയാന്‍ കൃഷിവകുപ്പ് നടത്തുന്ന 40 ദിവസത്തെ കാമ്പയിനിന് തുടക്കമായി. കീടനാശിനികള്‍ കൃഷി ഓഫിസറുടെ ശിപാര്‍ശ കുറിപ്പിന്‍െറ അടിസ്ഥാനത്തില്‍ മാത്രമേ കീടനാശിനി ഡിപ്പോകളില്‍നിന്ന് കര്‍ഷകര്‍ക്ക് വില്‍ക്കാന്‍ പാടുള്ളൂവെന്ന് കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. അല്ളെങ്കില്‍ നടപടി നേരിടേണ്ടി വരും. കാമ്പയിന്‍ കാലയളവില്‍ എല്ലാ കീടനാശിനി വിതരണ-വിപണന കേന്ദ്രങ്ങളിലും ഇന്‍സെക്ടിസൈഡ് ഇന്‍സ്പെക്ടര്‍മാര്‍ കര്‍ശന പരിശോധന നടത്തും. നിരോധിത കീടനാശിനികളോ, വില്‍പനക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലാത്ത കീടനാശിനികളോ ശ്രദ്ധയില്‍പ്പെട്ടാല്‍, കേന്ദ്ര സര്‍ക്കാറിന്‍െറ ഇന്‍സെക്ടിസൈഡ് ആക്ട് പ്രകാരമുള്ള കര്‍ശന ശിക്ഷണ നടപടി കൈക്കൊള്ളും. കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം അംഗീകാരമില്ലാത്ത കീടനാശിനികള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും വില്‍പനക്കായി പ്രദര്‍ശിപ്പിക്കുന്നതും രണ്ടുവര്‍ഷം വരെ തടവും വിഴയും ലഭിക്കുന്ന കുറ്റമാണ്. കൃഷി ഓഫിസറുടെ കുറിപ്പില്ലാതെ കീടനാശിനി വില്‍ക്കുന്ന ഡിപ്പോകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ഇന്‍സെക്ടിസൈഡ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൃഷി ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി ജില്ലകളിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കീടനാശിനികളുടെ വരവ് നിരീക്ഷിക്കുവാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി, ജില്ലാതലത്തില്‍ രൂപവത്കരിച്ചിട്ടുള്ള വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഇതിനു പുറമെ, സംസ്ഥാനതല വിജിലന്‍സ് സ്ക്വാഡും ജില്ലകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും. കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷകര്‍ക്കോ, കര്‍ഷക സമിതികള്‍ക്കോ നേരിട്ട് കീടനാശിനികള്‍ വിതരണം ചെയ്യുവാനും കൃഷിയിടങ്ങളില്‍ നേരിട്ട് വിള പരീക്ഷണങ്ങള്‍ നടത്തുവാനും പാടില്ല. കാമ്പയിന്‍ കാലയളവില്‍ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചാ ക്ളാസുകളും സെമിനാറുകളും സംഘടിപ്പിച്ച് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള കീടനാശിനികളെക്കുറിച്ചും നിന്ത്രണ വിധേയമായി മാത്രം വിതരണം ചെയ്യേണ്ട കീടനാശിനികളെ സംബന്ധിച്ചും കര്‍ഷകര്‍ക്കും കീടനാശിനി വില്‍പനക്കാര്‍ക്കും അവബോധം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.