പച്ചക്കറി കെട്ടിക്കിടക്കുന്നത് സര്‍ക്കാര്‍ ആസൂത്രണത്തിലെ പാളിച്ചമൂലം

പാലക്കാട്: ഉല്‍പാദനം കൂടിയതിനെ തുടര്‍ന്ന് എലവഞ്ചേരിയിലടക്കം ജില്ലയില്‍ പലേടത്തും പച്ചക്കറി കെട്ടിക്കിടക്കുന്നത് ആസൂത്രണത്തിലെ പാളിച്ച മൂലമെന്ന് ആക്ഷേപം. കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്, വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കേരള എന്നിവയുടെയും ഇവക്ക് കീഴിലുള്ള സ്വശ്രയ കര്‍ഷക സമിതികളുടെയും വീഴ്ചയാണ് പച്ചക്കറി കൃഷിക്കാര്‍ക്ക് കനത്ത നഷ്ടം വരുത്തിയത്. പടവലം, പാവല്‍, പയര്‍ തുടങ്ങിയവ കര്‍ഷക സമിതികളില്‍ കെട്ടിക്കിടക്കുയാണ്. വെള്ളിയാഴ്ച മാത്രം എലവഞ്ചേരിയില്‍ പത്തു ടണ്‍ പച്ചക്കറിയാണ് ആവശ്യക്കാരില്ലാതെ കെട്ടിക്കിടന്നത്. വിഷരഹിത പച്ചക്കറിക്ക് സംസ്ഥാനമാകെ വന്‍ ഡിമാന്‍ഡ് ഉണ്ടായിട്ടും വിതരണ ശൃംഖലയുടെ അഭാവമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഉല്‍പാദനം കൂടിയതോടെ പടവലത്തിന് മൊത്ത വ്യാപാര വില കിലോക്ക് എട്ടു മുതല്‍ പത്തു രൂപവരെയായി താഴ്ന്നു. പാവലിനും പയറിനും കിലോക്ക് 25 രൂപയാണ് വില. പച്ചക്കറി കൃഷി വ്യാപനത്തിന് പ്രോത്സാഹനം നല്‍കുന്ന പദ്ധതികള്‍ എമ്പാടുമുണ്ടായിട്ടും ഇവയുടെ വിപണിയും വിതരണ സംവിധാനവും ശക്തമാവാത്തതാണ് പച്ചക്കറി കെട്ടിക്കിടന്ന് നശിക്കാന്‍ ഇടയാക്കിയത്. എതു വിള ഉല്‍പാദിക്കണമെന്നും ഏതു സമയത്ത് വേണമെന്നും എവിടെ കൃഷി ചെയ്യണമെന്നുമടക്കം വ്യക്തമായ രൂപരേഖ ആവശ്യമാണ്. സംസ്ഥാനത്ത് പച്ചക്കറി വിളവെടുപ്പിന്‍െറ സമയത്ത് ഇതരസംസ്ഥാനത്തുനിന്നുള്ള ഇറക്കുമതിക്ക് സെസ് ഏര്‍പ്പെടുത്തുന്നതും പരിഗണിക്കണം. ഇതോടൊപ്പം സര്‍ക്കാര്‍, സഹകരണ മേഖലയില്‍ ചില്ലറ വില്‍പന കേന്ദ്രങ്ങളുടെ ശൃംഖല സംസ്ഥാനമാകെ വ്യാപിപ്പിച്ച് വിപണി ശക്തമാക്കുകയും വേണം. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്‍െറ കാര്‍ഷിക നയത്തില്‍ വിശദമായ നിര്‍ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും ഇവ ഫലപ്രദമായി നടപ്പാക്കുന്നതില്‍ വിവിധ വകുപ്പുകള്‍ വീഴ്ച വരുത്തുന്നതാണ് പച്ചക്കറി കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായത്. കഴിഞ്ഞ ദിവസം എലവഞ്ചേരിയില്‍നിന്നും ഹോര്‍ട്ടികോര്‍പ് പച്ചക്കറി എടുക്കാന്‍ സന്നദ്ധമായത് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന്‍െറ ഇടപെടലിനെ തുടര്‍ന്നാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.