പാലക്കാട്: ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റും മുമ്പ് കൃത്യമായ പരിശോധന നടത്തണമെന്ന് ജില്ല വികസന സമിതി നിര്‍ദേശിച്ചു. ഭീഷണിയില്ലാത്ത നല്ല മരങ്ങള്‍ ഉള്‍പ്പെടെ വെട്ടിമാറ്റിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വികസന സമിതിയില്‍ ഇക്കാര്യം ചര്‍ച്ചയായത്. എം.ബി. രാജേഷ് എം.പി, വി.ടി. ബല്‍റാം എം.എല്‍.എ തുടങ്ങിയവരാണ് വിഷയം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ കരാറുകാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കാത്ത വിധം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാവണം നടപടി. പരാതിയുമായി ബന്ധപ്പെട്ട മരങ്ങള്‍ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് ആര്‍.ഡി.ഒയുടെയും സബ് കലക്ടറുടെയും ഉറപ്പിന്‍െറ അടിസ്ഥാനത്തിലാവണം നീക്കം ചെയ്യേണ്ടതെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി സോഷ്യല്‍ഫോറസ്ട്രി, പി.ഡബ്ള്യു.ഡി റോഡ്സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആനമൂളിയില്‍ നിരന്തരമുള്ള കാട്ടാനശല്യം പ്രതിരോധിക്കാന്‍ സോളാര്‍-ബയോ ഫെന്‍സിങ്, ട്രഞ്ചിങ് എന്നീ സാങ്കേതിക വിദ്യകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംയുക്തമായി പരീക്ഷിക്കാന്‍ എം.ബി. രാജേഷ് എം.പി നിര്‍ദേശിച്ചു. ജില്ലയില്‍ കൃഷിക്കനുസൃതമായി ജലലഭ്യത ഉറപ്പാക്കാനും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നബാര്‍ഡിന് നല്‍കിയ പ്രപ്പോസലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കാനും ജലസേചന വകുപ്പ് അധികൃതരോട് എം.ബി. രാജേഷ് എം.പി, കെ. കൃഷ്ണന്‍ കുട്ടി എം.എല്‍.എ എന്നിവര്‍ ആവശ്യപ്പെട്ടു. വിവിധ താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അഭാവം പരിഹരിക്കാന്‍ യോഗം ഡി.എം.ഒയോട് നിര്‍ദേശിച്ചു. പൊടിയിട്ട് നികത്തിക്കൊണ്ടുള്ള താല്‍ക്കാലിക റോഡ് നിര്‍മാണത്തിന് ശാശ്വതമായ ബദല്‍മാര്‍ഗം സ്വീകരിക്കണമെന്ന് പി.ഡബ്ള്യു.ഡി റോഡ്സ് അധികൃതരോട് മുഹമ്മദ് മുഹ്സിന്‍, വി.ടി. ബല്‍റാം എന്നീ എം.എല്‍.എമാര്‍ നിര്‍ദേശിച്ചു. ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ക്കായുള്ള അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് യോഗത്തില്‍ പി.കെ. ശശി എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ മഴനിഴല്‍ പ്രദേശമായ വടകരപ്പതി, എരുത്തിയാമ്പതി, കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഏകദേശം 145 ഏക്കറോളം വരുന്ന എരുത്തിയാമ്പതി ഐ.എസ്.ഡി ഫാം കേന്ദ്രീകരിച്ച് ഒരു ഗവേഷണ കേന്ദ്രം ആരംഭിക്കണമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയോട് ആവശ്യപ്പെട്ട് കെ. കൃഷ്ണന്‍കുട്ടി അവതരിപ്പിച്ച പ്രമേയം കെ.ഡി. പ്രസേനന്‍ എം.എല്‍.എ പിന്താങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.