രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം ലഭിച്ചില്ല

പാലക്കാട്: നായ് കുറുകെ ചാടിയതിനെ തുടര്‍ന്ന് അപകടത്തില്‍ പെട്ട ബൈക്ക് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒരുവര്‍ഷം മുമ്പ് ജീവന്‍ നഷ്ടപ്പെട്ട നാലുയുവാക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം ഇതുവരെയും ലഭ്യമായില്ല. കഞ്ചിക്കോട് കൊയ്യാമരക്കാട് പെട്രോള്‍ പമ്പിനു സമീപം ദേശീയപാതയില്‍ കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 26നായിരുന്നു ദുരന്തം. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഫാക്ടറി ജീവനക്കാരും മലപ്പുറം സ്വദേശികളുമായ കെ. രമേഷ് (39), ശശിപ്രസാദ് (40), രാജേഷ് (35), കോയമ്പത്തൂര്‍ ഫാര്‍മസി ജീവനക്കാരന്‍ പാലക്കാട് സ്വദേശി പ്രഭാകരന്‍ (40) എന്നിവരാണ് മരിച്ചത്. രാത്രിഷിഫ്റ്റിനു ശേഷം ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന പാലക്കാട് പാറ പോക്കാന്‍തോട് ഇടിപ്പുകുളം സ്വദേശി പ്രഭാകരനും സുഹൃത്ത് രാജനും സഞ്ചരിച്ചിരുന്ന ബൈക്കില്‍ നായ ഇടിച്ചതിനെ തുടര്‍ന്ന് ഇരുവരും റോഡില്‍ വീണു. ഇരുവരെയും രക്ഷിക്കുന്നതിന് ഓടിയത്തെിയവരുടെ മുകളിലൂടെ വാളയാര്‍ ഭാഗത്തേക്ക് അമിത വേഗതയില്‍ എത്തിയ മിനി ലോറി ഇടിച്ചുകയറുകയായിരുന്നു. നാല് പേരും മരിച്ചു. രാജനും പ്രഭാകരനും രക്ഷപ്പെടുകയും ചെയ്തു. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, ഇതുവരെ ലഭിച്ചില്ല. ഇത് എത്രയും വേഗം ലഭ്യമാക്കണമെന്ന് ആര്യവൈദ്യശാല വര്‍ക്കേഴ്സ് യൂനിയന്‍ (എ.ഐ.ടി.യു.സി) പ്രസിഡന്‍റും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം ആവശ്യപ്പെട്ടു. മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.