ചുള്ളിമട അപകടം: ബസ് ഡ്രൈവറേയും ക്ളീനറേയും പുറത്തെടുത്തത് കാബിന്‍ മുറിച്ച്

പാലക്കാട്: എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വാളയാര്‍ ചുള്ളിമടക്ക് സമീപം ഇടിച്ചത് നിര്‍ത്തിയിട്ട കോണ്‍ക്രീറ്റ് മിക്സിങ് ലോറിയില്‍. ബസിന്‍െറ മുന്‍ഭാഗത്തെ കാബിനില്‍ കുടുങ്ങിയ ബസ് ഡ്രൈവറേയും ക്ളീനറേയും അഗ്നിശമന സേന കട്ടര്‍ ഉപയോഗിച്ച് കാബിന്‍ മുറിച്ചാണ് പുറത്തെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നുണ്ടായ അപകടത്തില്‍ ബസ് ക്ളീനര്‍ തൃദേവ് ആര്‍. മധു മരിച്ചു. തലക്ക് സാരമായ പരിക്കേറ്റ ഡ്രൈവറെ പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്നും റഫര്‍ ചെയ്തു. വിദ്യാര്‍ഥികളടക്കം 18 പേര്‍ക്ക് പരിക്കുണ്ട്. കഞ്ചിക്കോട് അഗ്നിശമന സേനാംഗങ്ങള്‍ കഠിനമായ പരിശ്രമത്തിലൂടെയാണ് കാബിന്‍ മുറിച്ച് ഡ്രൈവറുടെ ജീവന്‍ രക്ഷിച്ചത്. തെരുവുവിളക്ക് ഇല്ലാത്ത മേഖല ആയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടായതായി അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു. ടോര്‍ച്ച് ഉപയോഗിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അഞ്ച് മിനിറ്റിനകം കാബിനില്‍ കുടുങ്ങി കിടന്ന ഡ്രൈവറേയും ക്ളീനറേയും പുറത്തെടുത്തു. അബോധാവസ്ഥയിലായിരുന്ന ക്ളീനര്‍ ജില്ലാ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ക്ളീനര്‍ ഇരുന്ന ഭാഗമാണ് ലോറിയില്‍ ചെന്നിടിച്ചത്. ബ്രേക്ക്ഡൗണായി റോഡരികില്‍ കിടന്ന കോണ്‍ക്രീറ്റ് മിക്സിങ് ലോറി ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടകാരണമായതെന്നാണ് അനുമാനം. റിഫ്ളക്ടര്‍ സ്ഥാപിച്ചിരുന്നെങ്കിലും മേഖലയില്‍ തെരുവുവിളക്ക് ഉണ്ടായിരുന്നില്ല. പൊലീസും അഗ്നിശമന സേനയും എത്തുമ്പോള്‍ ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അലമുറയിടുകയായിരുന്നു. മിക്കവര്‍ക്കും കമ്പിയിലിടിച്ച് തലക്കും മറ്റും പരിക്കേറ്റിരുന്നു. ഒരു വിദ്യാര്‍ഥിക്ക് ഇടുപ്പിന് സാരമായ പരിക്കുണ്ട്. കെ.എന്‍.ആര്‍ കമ്പനിയുടേയും കഞ്ചിക്കോട് അഗ്നിശമന സേനയുടേയും ആംബുലന്‍സുകളിലാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചത്. വിദ്യാര്‍ഥികളായ സെന്തില്‍, തന്‍സീര്‍, സഹായകപാല്‍, ബിനോഹ, ഷിജു, ജിന്‍താസ്, രേഷ്മ, ഗീത പ്രകാശന്‍, കൈലാസ്, ജെറിന്‍, ഡിനു ദാസ്, അനില, രഞ്ജി, ആര്യ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. വകുപ്പ് മേധാവി വേലായുധന്‍, അധ്യാപിക നന്ദിനി എന്നിവര്‍ക്കും പരിക്കുണ്ട്. നന്ദിനി, രേഷ്മ, ഗീത പ്രകാശന്‍ എന്നിവര്‍ക്ക് സാരമായ പരിക്കുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.