രണ്ടുപതിറ്റാണ്ടായിട്ടും ഷട്ടറുകള്‍ അടഞ്ഞുതന്നെ അമ്പലപ്പാറയിലെ വനിതാ വ്യവസായ കേന്ദ്രം നോക്കുകുത്തി

ഒറ്റപ്പാലം: രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും അമ്പലപ്പാറ പഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രത്തിന്‍െറ കണ്ടകശ്ശനി വിട്ടൊഴിയുന്നില്ല. വാടക മുറികള്‍ക്ക് ആവശ്യക്കാര്‍ നെട്ടോട്ടമോടുന്ന അമ്പലപ്പാറയിലെ മേലൂര്‍ റോഡിലാണ് ലക്ഷങ്ങള്‍ ചെലവിട്ട കെട്ടിടം നോക്കുകുത്തിയാവുന്നത്. വ്യവസായ സംരംഭങ്ങള്‍ തുടങ്ങി വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും അതുവഴി അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് നിര്‍മിച്ചതാണ് കെട്ടിടം. പണി പൂര്‍ത്തിയാക്കി ഷട്ടറുകളിട്ട കെട്ടിടം അന്ന് തൊട്ടു അടഞ്ഞുകിടപ്പാണ്. മുടക്കുമുതല്‍ വാടക ഇനത്തില്‍ തിരിച്ചുപിടിക്കേണ്ട കാലം കഴിഞ്ഞ കെട്ടിടത്തിന്, അറ്റകുറ്റപ്പണികള്‍ക്ക് ഇടക്കിടെ ഫണ്ട് ചെലവിടേണ്ട അവസ്ഥയാണ്. വനിതകള്‍ക്കായി നിര്‍മിച്ച അമ്പലപ്പാറ സെന്‍ററിയിലെ മറ്റൊരു വ്യവസായ കേന്ദ്രം വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കെ.എസ്.ഇ.ബിയുടെ സെക്ഷന്‍ ഓഫിസിന് വാടകക്ക് നല്‍കിയത് ഏതാനും മാസം മുമ്പാണ്. വാടകയിനത്തില്‍ പഞ്ചായത്തിന് ഇതില്‍നിന്ന് വരുമാനവും ലഭിക്കുന്നുണ്ട്. അതിനും മുമ്പ് പണി പൂര്‍ത്തിയാക്കിയ ഈ കെട്ടിടം അവഗണയില്‍ കഴിയുന്നതിനെതിരെ ആക്ഷേപങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. ഇടയ്ക്കിടെ ഓരോ സംരംഭങ്ങള്‍ വരുന്നുണ്ടെന്ന കേട്ടുകേള്‍വികള്‍പ്പുറം ഒന്നുമുണ്ടായിട്ടില്ല. ഏറ്റവുമൊടുവില്‍ പച്ച തേങ്ങ സംഭരണത്തിന് മുറികള്‍ വിട്ടുനല്‍കുന്നുണ്ടെന്ന പ്രചാരണമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍െറ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടം പിന്നീട് അമ്പലപ്പാറ പഞ്ചായത്തിന് കൈമാറുകയായിരുന്നു. ഏതാനും മുറികളടങ്ങിയ ഒരുകെട്ടിടം എന്നതിന്നപ്പുറം അതത് വ്യവസായ സംരംഭങ്ങള്‍ക്ക് ഇണങ്ങും മട്ടില്‍ സൗകര്യങ്ങളില്ളെന്ന പരിമിതിയും കുറവായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇടതുഭരണം മുഖമുദ്രയാക്കിയ അമ്പലപ്പാറ പഞ്ചായത്തില്‍ ഭരണ സാരഥികള്‍ മാറിമാറി വന്നിട്ടും വ്യവസായ കേന്ദ്രത്തിന് ശാപമോക്ഷം ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.