കോയമ്പത്തൂര്‍: സേലം റെയില്‍വേ ഡിവിഷനില്‍ മിക്ക സ്റ്റേഷനുകളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാത്തത് കുറ്റാന്വേഷണ നടപടികളെ ദോഷകരമായി ബാധിക്കുന്നതായി പരാതി. സേലം-ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍നിന്ന് ആറു കോടിയോളം രൂപ കൊള്ളയടിച്ച കേസില്‍ പൊലീസിന് ഇനിയും വ്യക്തമായ തുമ്പ് ലഭിച്ചിട്ടില്ല. സി.സി.ടി.വി കാമറ റെക്കോഡിങ് സംവിധാനമില്ലാത്തതാണ് ഇതിന് മുഖ്യകാരണം. ഒരു മാസം മുമ്പ് ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ ഐ.ടി ജീവനക്കാരിയെ കൊന്ന കേസില്‍ പ്രതിയെ പിടികൂടാനായത് സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറകളുടെ സഹായത്തോടെയാണ്. എഗ്മോര്‍ റെയില്‍വേ സ്റ്റേഷനിലും സി.സി.ടി.വി കാമറകള്‍ പിടിപ്പിച്ചിരുന്നില്ല. കോച്ച് തുരന്ന് കോടികള്‍ കൊള്ളയടിച്ച സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞിട്ടും പൊലീസിന് കാര്യമായി മുന്നോട്ട് പോകാനായിട്ടില്ല. തെന്നിന്ത്യന്‍ റെയില്‍വേയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഡിവിഷനാണ് സേലം. പാസഞ്ചര്‍ ട്രെയിന്‍ കലക്ഷനിലൂടെ മാത്രം സേലം ഡിവിഷന്‍െറ വരുമാനം 477 കോടി രൂപയാണ്. ഇതിന് പുറമെ ടിക്കറ്റ് ചെക്കിങ്, പരസ്യം, കോച്ചുകളുടെ വാടക, കാറ്ററിങ്, പാര്‍ക്കിങ് തുടങ്ങിയ ഇനങ്ങളിലും ഓരോ വര്‍ഷവും കോടികളുടെ വര്‍ധനവാണ് ഉണ്ടാവുന്നത്. പല വിധത്തിലും വരുമാനം ഉയര്‍ത്തുന്നതില്‍ മാത്രമാണ് അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സ്റ്റേഷനുകളിലും മറ്റും അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇവര്‍ മതിയായ താല്‍പര്യം കാണിക്കുന്നില്ളെന്നും പാസഞ്ചേഴ്സ് അസോസിയേഷനുകള്‍ ആരോപിക്കുന്നു. സേലം ഡിവിഷനില്‍ സേലം, ഈറോഡ്, മേട്ടുപാളയം, തിരുപ്പൂര്‍, കരൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലൊന്നും സി.സി.ടി.വി കാമറകളില്ല. സേലം, ഈറോഡ് സ്റ്റേഷനുകളില്‍ നാല് സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും റെക്കോഡിങ് സംവിധാനമില്ല. ട്രെയിനുകളുടെയും യാത്രക്കാരുടെയും നീക്കം നിരീക്ഷിക്കാന്‍ മാത്രമാണ് ഇത് സഹായകമാവുന്നത്. പുതിയ സാഹചര്യത്തില്‍ റെക്കോഡിങ് സൗകര്യത്തോടുകൂടിയുള്ള സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നതിന് സേലം ഡിവിഷന്‍ അധികൃതര്‍ എസ്റ്റിമേറ്റ് തയാറാക്കി റെയില്‍വേ ബോര്‍ഡിന് അയച്ചുകൊടുത്തു. സേലത്ത് 38, ഈറോഡില്‍ 52, തിരുപ്പൂരില്‍ 44, കരൂരില്‍ 36, മേട്ടുപാളയത്ത് 28 കാമറകള്‍ വീതം സ്ഥാപിക്കാനാണ് പദ്ധതി. ഇതിന് ബോര്‍ഡിന് അംഗീകാരം ലഭ്യമായ ഉടന്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.