കാല്‍ ലക്ഷം കോഴിക്കുഞ്ഞുങ്ങളെ പിടികൂടി

പാലക്കാട്: രണ്ട് മിനിലോറികളിലായി ചെക്പോസ്റ്റ് വെട്ടിച്ച് കടത്തിയ 25,000 കോഴിക്കുഞ്ഞുങ്ങളെ വാണിജ്യനികുതി ഇന്‍റലിജന്‍സ് സ്ക്വാഡ് പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ ചിറ്റൂര്‍ മേട്ടുപ്പാളയത്താണ് സംഭവം. സ്ക്വാഡിനെ കണ്ട് കോഴിക്കുഞ്ഞുങ്ങളെ കയറ്റിയ വാഹനങ്ങള്‍ അമിതവേഗതയില്‍ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിടിച്ചെടുക്കുകയായിരുന്നു. രണ്ട് വാഹനത്തിലുമായി 8,68,620 രൂപയുടെ കോഴിക്കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. ഇവക്ക് നികുതിയും പിഴയുമായി 6,30,000 രൂപ ഈടാക്കി. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലെ അനധികൃത കോഴി ഫാമുകളിലേക്ക് കടത്തിയവയാണ് പിടികൂടിയത്. പാഴ്സല്‍ വാഹനങ്ങളുടെ പരിശോധനയില്‍ 6,20,600 രൂപയുടെ ഇലക്ട്രിക് മോട്ടോറുകള്‍, ഗ്രൈന്‍ഡറുകള്‍, ഹാര്‍ഡ്വെയര്‍ ഉല്‍പന്നങ്ങള്‍, കട്ടിങ് മെഷീനുകള്‍, തുണിത്തരങ്ങള്‍ എന്നിവ പിടികൂടി. ഇവക്ക് 1,80,000 രൂപ നികുതിയും പിഴയും ഈടാക്കി. കോഴി കള്ളക്കടത്ത് വ്യാപകമായതിന്‍െറ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയതെന്ന് ഇന്‍സ്പെക്ടറിങ് അസി. കമീഷണര്‍ (ഇന്‍റലിജന്‍സ്) മുഹമ്മദ് മൂസ അറിയിച്ചു. ഇന്‍റലിജന്‍സ് ഓഫിസര്‍ എ. പത്മനാഭന്‍, പി.എന്‍. സുമന്‍, ഇ. മനോഹരന്‍, ഡ്രൈവര്‍ ശിവന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. ഓണത്തിന് മുന്നോടിയായുള്ള പരിശോധനകള്‍ വരുംദിവസങ്ങളില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.