തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിക്ക് നാളെ തുടക്കം

പാലക്കാട്: മൃഗസംരക്ഷണ വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പാക്കുന്ന ‘ശ്വാന സൗഹൃദ പാലക്കാട്’ തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാവുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം രാവിലെ പത്തിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ മൃഗസംരക്ഷണ മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിക്കും. സംസ്ഥാനത്ത് ആദ്യമായി ജില്ലയിലാണ് ഏകീകൃത പ്രോജക്ട് എന്ന നിലക്ക് പദ്ധതി നടപ്പാക്കുന്നത്. 2012ലെ ലൈവ് സ്റ്റോക് സെന്‍സസ് അനുസരിച്ച് ജില്ലയില്‍ 70,000 തെരുവ് നായ്ക്കള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇവയുടെ സംഖ്യ ഒരു ലക്ഷത്തിന് അടുത്തുണ്ടാവുമെന്നാണ് നിഗമനം. വന്ധ്യംകരണവും അവക്കുള്ള റാബീസ് കുത്തിവെപ്പുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പദ്ധതിക്ക് 2.60 കോടി രൂപയാണ് വകയിരുത്തിയത്. ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ നീക്കിവെച്ചു. ഗ്രാമപഞ്ചായത്തുകള്‍ 3.5 ലക്ഷം, ബ്ളോക് അഞ്ച് ലക്ഷം, മുന്‍സിപ്പാലിറ്റി അഞ്ച് ലക്ഷം എന്ന തോതില്‍ ജില്ലാ പഞ്ചായത്തിലേക്ക് ഫണ്ട് കൈമാറ്റം ചെയ്യും. മുനിസിപ്പാലിറ്റികള്‍ക്ക് നിലവില്‍ ജില്ലാ പഞ്ചായത്തിലേക്ക് ഫണ്ട് കൈമാറ്റം ചെയ്യുന്നതിനുള്ള തടസ്സം നിലനില്‍ക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ ഇത് ഇടപെട്ട് ഉടന്‍ പരിഹരിക്കും. മൂന്ന് വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ പദ്ധതി ആരംഭിക്കും. പദ്ധതിയുടെ അവലോകനം നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍പേഴ്സനായ ജില്ലാതല മോണിറ്ററിങ് സമിതി രൂപവത്കരിച്ചു. സന്നദ്ധ സംഘടനയുടെയും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‍െറയും എസ്.പി.സി.എയുടെ പ്രതിനിധികളുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്മാരായ എ. ഗീത, പി.കെ. സുധാകരന്‍, കെ. ബിനുമോള്‍, ബിന്ദു സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. എസ്. വേണുഗോപാലന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.