തേഞ്ഞിപ്പലം: കത്തുന്നമേടച്ചൂടില്‍ കുളിര്‍മഴയായി കലാവസന്തം. അഞ്ചു ജില്ലകളിലെ 1500ഓളം വരുന്ന കലാപ്രതിഭകള്‍ മാറ്റുരക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍റര്‍സോണ്‍ കലോത്സവത്തിന്‍െറ വേദികളുണര്‍ന്നു. കാലിക്കറ്റ് കാമ്പസിന് ഇനി കലയുടെ രണ്ടു രാപ്പകലുകള്‍. രണ്ടു ദിവസത്തെ സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അരങ്ങുണര്‍ന്നത്. ഇശലുകള്‍ പെയ്തിറങ്ങിയ പകലാണ് ആദ്യദിനം സമ്മാനിച്ചത്. മുഖ്യവേദിയിലായിരുന്നു മാപ്പിളപ്പാട്ടുകള്‍. കോല്‍ക്കളിയും അറബനമുട്ടും പൂരക്കളിയുമെല്ലാം പിന്നാലെയത്തെി. കഥകളി, കൂടിയാട്ടം, കേരളനടനം, മോഹിനിയാട്ടം, തുള്ളല്‍ തുടങ്ങിയ ഇനങ്ങളാണ് രണ്ടാംവേദിയില്‍ അരങ്ങേറിയത്. വേദി മൂന്നില്‍ ഹിന്ദി, സംസ്കൃതനാടകങ്ങളും നടന്നു. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ സോണല്‍മത്സരത്തില്‍ ജയിച്ചവരാണ് മേളയില്‍ മത്സരിക്കുന്നത്. സോണല്‍ മത്സരം നടക്കാത്തതിനാല്‍ ഇന്‍റര്‍സോണില്‍ ലക്ഷദ്വീപ് വിദ്യാര്‍ഥികളുടെ പങ്കാളിത്തമില്ല. കലോത്സവം വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂനിവേഴ്സിറ്റി യൂനിയന്‍ ചെയര്‍മാന്‍ വി.എ. ആഷിഫ് അധ്യക്ഷത വഹിച്ചു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണേന്ത്യന്‍ നടി അദിതി റായി മുഖ്യാതിഥിയായി. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി.പി. അഹമ്മദ്, അഡ്വ. പി.എം. നിയാസ്, ആക്ടിങ് രജിസ്ട്രാര്‍ ഡോ. എന്‍. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. യൂനിവേഴ്സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ.എം. ഫവാസ് സ്വാഗതവും വൈസ് ചെയര്‍മാന്‍ ഷമീര്‍ പാഴൂര്‍ നന്ദിയും പറഞ്ഞു. ശനിയാഴ്ച വേദി ഒന്നില്‍ മാപ്പിളപ്പാട്ട് (ഗ്രൂപ്), ഭരതനാട്യം, ക്ളാസിക്കല്‍ ഡാന്‍സ്, പശ്ചാത്യ മ്യൂസിക്, നാടോടിസംഗീതം എന്നീ ഇനങ്ങളും വേദി രണ്ടില്‍ സംഘഗാനം, തിരുവാതിരക്കളി, നാടോടിനൃത്തം (ആണ്‍, പെണ്‍), മൈം എന്നിവയും വേദി മൂന്നില്‍ മലയാളനാടകവും വേദി നാലില്‍ ലളിതഗാനം (ആണ്‍, പെണ്‍), തുകല്‍വാദ്യങ്ങള്‍, തന്ത്രിവാദ്യങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.