അറവ് മാലിന്യങ്ങളുമായി എത്തിയ ലോറികള്‍ നാട്ടുകാര്‍ പിടികൂടി

ആനക്കര: അറവ് മാലിന്യങ്ങളുമായി എത്തിയ ലോറികള്‍ നാട്ടുകാര്‍ പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോഡുമായി എത്തിയ സംഘങ്ങള്‍ പിടിയിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന് അറവ് അവശിഷ്ടങ്ങള്‍ ശേഖരിക്കുന്ന പാലക്കാട്-മലപ്പുറം ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ സംഘമാണ് വലയിലായത്. തുടര്‍ന്ന് ഇവരെ തൃത്താല പൊലീസിന് കൈമാറി. സംഭവത്തെ തുടര്‍ന്ന് പരിസരത്ത് സംഘര്‍ഷമുണ്ടാവുകയും പൊലീസത്തെി രംഗം ശാന്തമാക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രീകരിച്ചാണ് കേരളത്തിലുള്ള അറവ് അവശിഷ്ടങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നത്. കമ്പോസ്റ്റ് വളമുണ്ടാക്കാനും പന്നിഫാമുകളിലും എത്തിക്കുന്നത് ഇത്തരത്തിലുള്ള സംഘമാണ്. ആനക്കര പഞ്ചായത്തിലെ കാറ്റാടിക്കടവ് പുഴയിലെ കടവിന്‍െറ പൂട്ട് തകര്‍ത്ത് രണ്ട് ലോഡ് അവശിഷ്ടങ്ങള്‍ തള്ളിയതിന് പുറമെ പട്ടിത്തറ പഞ്ചായത്തിലെ തണ്ണീര്‍ക്കോട് അയിലക്കുന്നില്‍ മാലിന്യങ്ങള്‍ തള്ളി. അയിലക്കാട് സ്വദേശി കെ.ടി. ബാവയുടെ 20 ഏക്കറോളം വരുന്ന കുന്നാണിത്. ഈ കുന്നിലെ ഒരു കല്ലുവെട്ടുമടയില്‍ മാലിന്യങ്ങള്‍ തള്ളിയശേഷം ഒപ്പമുണ്ടായിരുന്ന മറ്റൊരു ലോറി കയറ്റം കയറാന്‍ കഴിയാത്തതാണ് നാട്ടുകാര്‍ അറിയാന്‍ കാരണമായത്. കമ്പോസ്റ്റ് വളമുണ്ടാക്കാന്‍ ഇയാളുടെ ആവശ്യപ്രകാരമാണ് നാല് ലോഡ് അറവ് അവശിഷ്ടങ്ങള്‍ എത്തിയത്. അയിലക്കുന്നില്‍ രണ്ട് ലോറികള്‍ നാട്ടുകാര്‍ പിടികൂടി എന്നറിഞ്ഞതോടെ അങ്ങോട്ട് വരികയായിരുന്ന രണ്ട് ലോറികളിലുള്ള മാലിന്യം കാറ്റാടിക്കടവിലെ പുഴയില്‍ തള്ളി ലോറിക്കാര്‍ രക്ഷപ്പെടുകയായിരുന്നെന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ പിടിലായ ലോറികളിലുള്ളവര്‍ പറഞ്ഞു. ഉടമയുടെ ആവശ്യപ്രകാരം എത്തിയതിനാല്‍ തൃത്താല പൊലീസ് കേസെടുത്തിട്ടില്ല. എന്നാല്‍, പൊലീസിന്‍െറയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പിടിയിലായ ലോറികളിലുള്ളവരെ കൊണ്ടുതന്നെ പുഴയില്‍ തള്ളിയ മാലിന്യങ്ങളും കയറ്റി കൊണ്ടുപോയി. സ്ഥിരമായി പാലക്കാട് തൃശൂര്‍ റോഡിലെ പന്നിഫാമിലേക്ക് ഇതുവഴി മാലിന്യങ്ങള്‍ കൊണ്ടുപോകാറുണ്ടെന്ന് ഇവര്‍ പറഞ്ഞു. പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മാലിന്യ ലോറികള്‍ പോകുന്നത്. മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് മാലിന്യക്കടത്തില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി മാലിന്യം ശേഖരിക്കുന്നത് കൊണ്ടോട്ടി സ്വദേശിയായ ഏജന്‍റാണ്. ഇയാള്‍ വഴിയാണ് ആവശ്യക്കാര്‍ക്ക് അറവ് അവശിഷ്ടങ്ങള്‍ എത്തിക്കുന്നത്. തമിഴ്നാട്ടിലേക്കും ഇത്തരത്തില്‍ അറവ് അവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്നതായും ഇവര്‍ പറയുന്നു. മാലിന്യ സംസ്കരണത്തിന് സൗകര്യമില്ലാത്ത അറവുശാലക്കാരാണ് ഇത്തരം ഏജന്‍റുമാര്‍ക്ക് നല്‍കുന്നത്. മാലിന്യങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവുള്ള സമയത്ത് ഇത്തരം സംഘങ്ങളാണ് മാലിന്യങ്ങള്‍ റോഡരികിലും ഒഴിഞ്ഞ പറമ്പ്, പാടങ്ങള്‍, പുഴകള്‍ എന്നിവിടങ്ങളിലും തള്ളുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.