മണ്ണെടുപ്പ്: വീടും കിണറും ഇടിച്ചില്‍ ഭീഷണിയിലായ കുടുംബം നീതി തേടുന്നു

ആനക്കര: സ്വകാര്യ വ്യക്തിയുടെ മണ്ണെടുപ്പിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ വീടും കിണറും സംരക്ഷിക്കാന്‍ പ്രവാസിയും കുടുംബവും നീതി തേടുന്നു. ചാലിശ്ശേരി വില്ളേജിലെ പടിഞ്ഞാറെ പട്ടിശ്ശേരി പാറകാട്ടില്‍ വിനോദും ഭാര്യയുമാണ് നാലു മാസത്തിലേറെയായി അധികൃതരുടെ കനിവ് കാത്ത് കഴിയുന്നത്. ദമ്മാമില്‍ ജോലി ചെയ്യുന്ന വിനോദിന്‍െറ ഭാര്യയും രണ്ട് പെണ്‍കുട്ടികളുമാണ് വീട്ടില്‍ ഉണ്ടാവാറുള്ളത്. വീടിന്‍െറ തെക്ക് ഭാഗത്തുള്ള അയല്‍വാസി കരിങ്കല്ലില്‍ കെട്ടിയ മതിലിന് ഭീഷണിയാവുന്ന വിധത്തില്‍ മണ്ണെടുത്തിരുന്നു. ഇവരുടെ കൈവശത്തിലായിരുന്ന തോടും സമീപവാസി കൈക്കലാക്കിയിരുന്നു. എന്നാല്‍, എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ താഴ്ത്തിയ ഭാഗത്ത് ഒരു വരി ചെങ്കല്ലിട്ട് കെട്ടി തോട് തിരിച്ചു നല്‍കി. മഴയില്‍ കരിങ്കല്‍ മതില്‍ കോണ്‍ക്രീറ്റ് സഹിതം ഇടിഞ്ഞു വീണതോടെ വീടും കിണറും കക്കൂസ് ടാങ്കുമെല്ലാം ഇടിച്ചില്‍ ഭീഷണിയിലായി. പരാതിയുമായി ചാലിശ്ശേരി പൊലീസിനെ സമീപിക്കുകയും മതില്‍ കെട്ടി സുരക്ഷിതമാക്കി നല്‍കാന്‍ എതിര്‍കക്ഷിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. മഴക്കാലം അടുത്തതോടെ ആശങ്കയിലാണ് കുടുംബം. അതേസമയം, പരാതിയില്‍ അടുത്ത ദിവസം തന്നെ ഉചിതമായ നടപടിയുണ്ടാകുമെന്ന് ചാലിശ്ശേരി എസ്.ഐ രാജേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.