കോട്ടത്തറയിലെ ആദിവാസി ഭൂമി കൈമാറ്റം: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: മുഖ്യമന്ത്രിയുടെ അറിവോടെ പാലക്കാട് ജില്ലയിലെ കോട്ടത്തറയില്‍ റവന്യൂ മന്ത്രി ആദിവാസി ഭൂമി കൈമാറ്റം ചെയ്യുന്നുവെന്നാരോപിക്കുന്ന ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്‍െറ വിശദീകരണം തേടി. സംസ്ഥാനത്ത് ആദിവാസികളുടെ ഭൂമി സംബന്ധിച്ച സര്‍വേ നടന്നിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ ഹാജരാക്കാനും കീര്‍ത്താഡ്സ്, ആദിവാസി ഗോത്ര മഹാസഭ എന്നിവയെ കേസില്‍ കക്ഷി ചേര്‍ക്കാനും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. റിസോര്‍ട്ട് മാഫിയക്ക് വേണ്ടി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഭൂമി കൈമാറ്റം ചെയ്യുന്നതായി ആരോപിച്ച് തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ് സമര്‍പ്പിച്ച ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കോട്ടത്തറ വില്ളേജില്‍ ആദിവാസി ഭൂമി കൈമാറ്റം സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതായി ഹരജിയില്‍ പറയുന്നു. ഭൂമി കൈമാറ്റത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സിനും പട്ടികജാതി-പട്ടിക വര്‍ഗ കമീഷനും പരാതി നല്‍കി. എന്നാല്‍, റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്‍െറ ഇടപെടല്‍ മൂലം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല. ഭൂമി റിസോര്‍ട്ട് മാഫിയക്ക് കൈമാറാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റവന്യൂ മന്ത്രി അടൂര്‍ പ്രകാശും അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് കായലോരത്ത് 1.60 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ റിസോര്‍ട്ടിന് കൈമാറാന്‍ നടപടി സ്വീകരിച്ചതായും ഹരജിയിലുണ്ട്. ഷോളയാറിലെ ഭൂമി പകരം വാങ്ങിയാണ് സര്‍ക്കാര്‍ നടപടി. ഈ ഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്ക് കൈമാറുമെന്ന് വ്യക്തമാക്കിയിരുന്നതാണ്. മാരാരിക്കുളത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ് ഷോളയാറിലെ തുച്ഛ വിലയുള്ള ഭൂമിക്ക് പകരമായി സര്‍ക്കാര്‍ റിസോര്‍ട്ടിന് കൈമാറിയത്. ഈ സാഹചര്യത്തില്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയുള്ള ഭൂമി കൈമാറ്റം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ടാണ് ഹരജി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.