വാഹനാപകടങ്ങള്‍ തടയാന്‍ കര്‍ശന നടപടി –എസ്.പി

പാലക്കാട്: ജില്ലയില്‍ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് എന്‍. വിജയകുമാര്‍ അറിയിച്ചു. അമിത വേഗവും ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതും റോഡിലെ കുണ്ടും കുഴിയുമെല്ലാം അപകടങ്ങള്‍ക്ക് കാരണമാണ്. റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നവരെ പിന്തുടര്‍ന്ന് പിടികൂടില്ല. പകരം നമ്പര്‍ എഴുതിയെടുത്ത് നടപടി സ്വീകരിക്കും. പിറകിലിരിക്കുന്നവര്‍ക്കും ഹൈകോടതി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം ശക്തമാക്കും. പൊതുസ്ഥലങ്ങളില്‍ പിടിച്ചുപറി ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരമാവധി സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് ഡി.എസ്.പി പറഞ്ഞു. കടകളിലും റോഡിന് അഭിമുഖമായും കാമറകള്‍ സ്ഥാപിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡ് സുരക്ഷാ ഫണ്ടുപയോഗിച്ച് എല്ലാ ജങ്ഷനിലും കാമറ സ്ഥാപിക്കാന്‍ നഗരസഭകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഞ്ചാവ്, മയക്കുമരുന്ന് എന്നിവ അതിര്‍ത്തി വഴി ജില്ലയിലത്തെിക്കുന്ന സംഘങ്ങളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. കുട്ടികളെ മയക്കുമരുന്നിന് അടിമയാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് എന്‍. വിജയകുമാര്‍ അറിയിച്ചു. കൊറിയര്‍ വഴി മയക്കുമരുന്ന് കൈമാറുന്നുണ്ടെന്ന് രഹസ്യവിവരമുള്ളതിനാല്‍ ഇക്കാര്യവും ഗൗരവമായെടുക്കും. കൊറിയര്‍ കമ്പനികളുടെ യോഗം വിളിച്ചുചേര്‍ത്ത് നിര്‍ദേശം നല്‍കും. മെഡിക്കല്‍ ഷോപ്പുകള്‍ വഴി മയക്കുമരുന്നു ഗുളികകള്‍ വിറ്റഴിക്കാന്‍ അനുവദിക്കില്ല. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കുന്നത് കര്‍ശനമായി തടയും. ഇതുസംബന്ധിച്ച് ഷോപ്പുടമകള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊള്ളാച്ചി പാത കമീഷന്‍ ചെയ്യുമ്പോള്‍ നഗരത്തില്‍ റോബിന്‍സണ്‍ റോഡിലും യാക്കരയിലും ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോംവഴി ആരായും. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ഓട്ടോകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായ പരാതികള്‍ പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.