നെല്‍പാടങ്ങളില്‍ മാവ് കൃഷി വ്യാപിക്കുന്നു

പാലക്കാട്: നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തിന് പുല്ലുവില കല്‍പിച്ച് മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി ഗ്രാമപഞ്ചായത്തുകളില്‍ നെല്‍പാടങ്ങളില്‍ മാവ് കൃഷി ചെയ്യുന്നത് വ്യാപകം. കേരളത്തിലെ നെല്ലറയായ പാലക്കാടില്‍ ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദിപ്പിക്കുന്ന ചിറ്റൂര്‍ താലൂക്കിലാണ് നെല്ലിനോടൊപ്പം മാവ് തൈകളും നട്ടിട്ടുള്ളത്. നെല്‍വയല്‍ സംരക്ഷണ നിയമമനുസരിച്ച് നെല്‍പാടങ്ങളില്‍ മറ്റൊരു കൃഷിയും ചെയ്യാന്‍ പാടില്ളെന്നാണ് വ്യവസ്ഥ. മുതലമട പഞ്ചായത്തിലെ പള്ളം, പുളിയന്തോണി, കൊട്ടപ്പള്ളം, കള്ളിയമ്പാറ, കൊല്ലങ്കോട്, ചാത്തമ്പാറ, എലവഞ്ചേരി എന്നിവിടങ്ങളിലാണ് രണ്ടാം വിളയോടൊപ്പം മാവ് തൈകളും കൃഷി ചെയ്തത്. മാവ് തൈകള്‍ വളര്‍ന്ന് മരമാവുന്നതോടെ പിന്നീട് ഈ കൃഷിയിടങ്ങളില്‍ നെല്‍കൃഷി ചെയ്യാന്‍ കഴിയില്ല. ഇപ്പോള്‍ നെല്‍കൃഷിയോടൊപ്പം മാവ് കൃഷി ചെയ്തിട്ടുള്ള നെല്‍പാടങ്ങള്‍ മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ മാവ് കൃഷിയിലേക്ക് വഴിമാറും. പള്ളത്ത് ധാരാളം വെള്ളം ലഭിക്കുന്ന കുളത്തിന് താഴെ ഇരുപ്പൂവല്‍ വിളയുന്ന പാടങ്ങളില്‍ വ്യാപകമായി മാവ് കൃഷി ചെയ്തിരിക്കുകയാണ്. പത്ത് വര്‍ഷം മുമ്പ് മുതലമട പഞ്ചായത്തില്‍ മാത്രം 1500 ഹെക്ടറോളം സ്ഥലത്ത് നെല്‍കൃഷിയുണ്ടായിരുന്നു. ഇപ്പോഴത് 700 ഹെക്ടറില്‍ താഴെയായി ചുരുങ്ങിയതായി കൃഷി വകുപ്പ് അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കൊല്ലങ്കോട് ബ്ളോക്ക് പരിധിയില്‍ മാത്രം ഇപ്പോള്‍ 3000 ഹെക്ടറില്‍ മാവ് കൃഷി ചെയ്യുന്നുണ്ട്. നെല്‍കൃഷിയിറക്കാന്‍ ചെലവ് കൂടുമെന്ന കാരണം പറഞ്ഞാണ് കര്‍ഷകര്‍ മാവ് കൃഷിയിലേക്ക് തിരിയുന്നത്. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ മാവിന് കാര്യമായി കൃഷിച്ചെലവ് വരാത്തതാണ് മാവ് കൃഷിയിലേക്ക് തിരിയാന്‍ കാരണമത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.