കാവിക്കോട്ടയില്‍ തുള വീഴ്ത്താന്‍

പാലക്കാട്: കാവിക്കോട്ടയില്‍ കടന്നുകയറാന്‍ ഇരുമുന്നണികളും അടവുകള്‍ പതിനെട്ടും പയറ്റുമ്പോള്‍ ഇതിനെ മറികടക്കാന്‍ ബഹുമുഖ തന്ത്രമാണ് ബി.ജെ.പി ആവിഷ്കരിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാമുഖ്യം നല്‍കിയുള്ള സ്ഥാനാര്‍ഥി പട്ടികയും വിമതരെ പാര്‍ട്ടിയില്‍ തിരിച്ചത്തെിച്ചതും ബി.ജെ.പി അനുകൂല ഘടകങ്ങളായി അവകാശപ്പെടുന്നു. ഒരുകാലത്ത് പാര്‍ട്ടിയോട് ഇടഞ്ഞുനിന്ന നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ എസ്.ആര്‍. ബാലസുബ്രഹ്മണ്യനെ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത് നഗരസഭയില്‍ കൂടുതല്‍ വോട്ടും സീറ്റും ലക്ഷ്യമിട്ടാണ്. വടക്കന്തറ ഈസ്റ്റ് 43ാം വാര്‍ഡിലാണ് എസ്.ആര്‍. ബാലസുബ്രഹ്മണ്യന്‍ മാറ്റുരക്കുന്നത്. കോണ്‍ഗ്രസിലെ ഹക്കീമും സി.പി.എമ്മിലെ മോഹന്‍ റാമുമാണ് ഇവിടെ എതിരാളികള്‍. ബി.ജെ.പിയുടെ ഷുവര്‍ സീറ്റുകളിലൊന്നാണിത്. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എന്‍. ശിവരാജന്‍ മത്സരിക്കുന്ന വലിയങ്ങാടി 46ാം വാര്‍ഡിലും ശ്രദ്ധേയമായ മത്സരമാണ് നടക്കുന്നത്. സി.പി.എം വനിതാ അംഗത്തിന് നേരെയുള്ള ശിവരാജന്‍െറ പരാമര്‍ശവും പൊലീസ് കേസും ഇവിടെ സി.പി.എം പ്രചാരണായുധമാക്കുന്നുണ്ട്. കോണ്‍ഗ്രസിലെ എന്‍.ടി. ബാബുവും എല്‍.ഡി.എഫ് സ്വതന്ത്രനായ ശരവണദാസുമാണ് ശിവരാജന് എതിരാളികള്‍. കഴിഞ്ഞ തവണ ബി.ജെ.പിയിലെ എ. സരോജയാണ് 46ാം വാര്‍ഡിനെ പ്രതിനിധീകരിച്ചത്. കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ചെടുത്ത മേപ്പറമ്പ് 48ാം വാര്‍ഡില്‍ ശക്തമായ മത്സരമാണ് ഇത്തവണ അരങ്ങേറുന്നത്. ബി.ജെ.പിയുടെ ഇ. പ്രിയക്കെതിരെ മുസ്ലിം ലീഗിലെ സൈനബയും എല്‍.ഡി.എഫ് സ്വതന്ത്രയായി നസീമയുമാണ് ഗോദയില്‍. കഴിഞ്ഞ തവണ ലീഗ് റിബല്‍ അബൂത്വാഹിര്‍ 250ഓളം വോട്ടുകള്‍ പിടിച്ചതാണ് വാര്‍ഡ് നഷ്ടമാവാന്‍ കാരണമെന്ന് യു.ഡി.എഫ് നേതൃത്വം പറയുന്നു. ബി.ജെ.പി അച്ചടക്ക നടപടിയെടുക്കുകയും വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചത്തെുകയും ചെയ്ത വി. നടേശനാണ് 51ാം വാര്‍ഡ് ജൈനിമേടില്‍ ബി.ജെ.പി സ്ഥാനാര്‍ഥി. നടേശന്‍െറ ജനകീയ മുഖം വോട്ടാകുമെന്നും കോണ്‍ഗ്രസില്‍നിന്ന് വാര്‍ഡ് പിടിച്ചെടുക്കുമെന്നുമാണ് ബി.ജെ.പി അവകാശവാദം. കോണ്‍ഗ്രസിലെ എന്‍.പി. രവീന്ദ്രനാഥനും സി.പി.എം സ്വതന്ത്രനായ കുഞ്ഞുവാവ എന്ന ബൈജുവുമാണ് നടേശന് എതിരാളികള്‍. കുഞ്ഞുവാവയുടെ ജനകീയ മുഖം വോട്ടാകുമെന്ന് എല്‍.ഡി.എഫ് പ്രതീക്ഷ വെക്കുന്നുണ്ട്. കഴിഞ്ഞ തവണ ലീഗ് വിമതന്‍ പി.എം. ബഷീര്‍ അഹമ്മദ് വിജയിച്ച ഒലവക്കോട് സൗത് 52ാം വാര്‍ഡില്‍ ഇത്തവണ കനത്ത പോരാട്ടമാണ്. മുസ്ലിം ലീഗിലെ റസീനയും എല്‍.ഡി.എഫ് സ്വതന്ത്ര ഫാരിദ ജമാലുമാണ് ഏറ്റുമുട്ടുന്നത്. സിറ്റിങ് കൗണ്‍സിലര്‍ ബഷീര്‍ അഹമ്മദ് ഒന്നാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രനാണ്. ബഷീര്‍ അഹമ്മദിന്‍െറ സ്വാധീനം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നു. മുനിസിപ്പല്‍ ഓഫിസ് 41ാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ രാജേശ്വരി ജയപ്രകാശിനെതിരെ മുന്‍ നഗരസഭ ചെയര്‍പേഴ്സന്‍ പി. രമണീഭായ് റിബലായി രംഗത്തുണ്ട്. ഇവരെ അനുനയിപ്പിക്കാന്‍ ഡി.സി.സി നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ് പോര് വാര്‍ഡില്‍ പ്രതിഫലിക്കുമെന്നാണ് സൂചന. സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സാവിത്രി വത്സലകുമാറിനുമുണ്ട്. കഴിഞ്ഞ തവണ 41ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമിയെ എതിര്‍ ഗ്രൂപ്പുകള്‍ കരുനീക്കത്തിലൂടെ തോല്‍പ്പിച്ചത് പിന്നീട് വന്‍ വിവാദമായിരുന്നു. മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റായ രാജേശ്വരി ജയപ്രകാശ് കോണ്‍ഗ്രസിലെ നഗരസഭ ചെയര്‍പേഴ്സന്‍ സ്ഥാനാര്‍ഥികളില്‍ ഒരാളാണ്. എല്‍.ഡി.എഫ് സ്വതന്ത്ര എം. ഹസീനയും ബി.ജെ.പിയുടെ അഡ്വ. ശാന്താദേവിയുമാണ് രാജേശ്വരിക്ക് എതിരാളികള്‍. പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകള്‍ സമാഹരിക്കാന്‍ മുനിസിപ്പല്‍ വാര്‍ഡിലടക്കം 12 ഇടത്ത് സി.പി.എം സ്വതന്ത്രരെയാണ് പരീക്ഷിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ പട്ടിക്കര 42ാം വാര്‍ഡില്‍ ബി.ജെ.പി കളത്തിലിറക്കിയത് മുന്‍ വിമതനായ പി. സാബുവിനെ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എം. വിനോദ്കുമാറും എല്‍.ഡി.എഫിലെ സുനിത കുമാരനുമാണ് മുഖ്യ എതിരാളികള്‍. ശ്രീരാമപാളയത്തും മേലാമുറിയിലും ബി.ജെ.പിക്ക് മേധാവിത്തമുണ്ട്. കഴിഞ്ഞ തവണ എന്‍. ശിവരാജന്‍ വിജയിച്ച മേലാമുറിയില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സനായ സി. ബേബി ചന്ദ്രനാണ്. കോണ്‍ഗ്രസിന്‍െറ കെ. കൃഷ്ണവേണിയും സി.പി.എമ്മിന്‍െറ കുമാരി അയ്യപ്പനുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍. പള്ളിപ്പുറത്ത് കഴിഞ്ഞ തവണ ജയിച്ചത് കോണ്‍ഗ്രസിലെ മിനി ബാബുവാണ്. ഇത്തവണ വാര്‍ഡില്‍ ശക്തമായ ത്രികോണ മത്സരമാണ്. കര്‍ണകി നഗര്‍ വെസ്റ്റിലും വടക്കന്തറയിലും ബി.ജെ.പി സ്വാധീനം മറികടക്കാന്‍ ഇരുമുന്നണികളും കിണഞ്ഞുശ്രമിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.