ഒറ്റപ്പാലം കൗണ്‍സില്‍ യോഗത്തില്‍ ബഹളം

ഒറ്റപ്പാലം: നഗരസഭാ ബസ്സ്റ്റാന്‍ഡ് വിപുലീകരണവുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്ന് അനുവദിച്ച വായ്പ സംബന്ധിച്ച കണക്കിലെ വ്യത്യാസവും വായ്പ തിരിച്ചടക്കാന്‍ വീണ്ടും കടമെടുക്കുന്നതും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം. 12,83,40,000 രൂപയായിരുന്നു വായ്പ. ഇതില്‍ നഗരസഭക്ക് ലഭിച്ചത് 11,14,33,675 രൂപയും. എന്നാല്‍, അക്കൗണ്ടില്‍ ഉള്ളതാകട്ടെ 10,60,34,877 രൂപ മാത്രമാണ്. 53,98,798 രൂപയുടെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ബഹളത്തിന് തുടക്കമിട്ടത്. ഇത്രയും തുക വിനിയോഗിച്ചതെന്തിനെന്ന ചോദ്യത്തിന് ചെയര്‍പേഴ്സണ്‍ പി. സുബൈദക്കും ബന്ധപ്പെട്ടവര്‍ക്കും മറുപടി നല്‍കാനായില്ല. വായ്പ തിരിച്ചടക്കാന്‍ ഇതേ സ്ഥാപനത്തില്‍നിന്ന് മറ്റൊരു വായ്പക്ക് അപേക്ഷിക്കുന്നതിനുള്ള അജണ്ടയും പ്രതിഷേധത്തിനിടയാക്കി. 2,92,71,491 രൂപ നേരത്തേ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അനുവദിക്കാന്‍ കെ.യു.ആര്‍.ഡി.എഫ്.സി തയാറായിരുന്നു. ബസ്സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കി ലഭിക്കുന്ന വരുമാനം കൊണ്ട് വായ്പ അടക്കുന്നതിന് പകരം വീണ്ടും വായ്പയെടുത്ത് നഗരസഭയെ കടക്കെണിയിലാക്കുന്നത് അനുവദിക്കാനാവില്ളെന്ന് പ്രതിപക്ഷം പറഞ്ഞു. ഇതിനെ തുടര്‍ന്ന് അജന്‍ഡ മാറ്റിവെച്ചു. നഗരസഭയില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിച്ച് കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പാക്കണമെന്ന ഉത്തരവ് കൗണ്‍സിലര്‍മാരെ യഥാസമയം അറിയിച്ചില്ളെന്ന ആക്ഷേപവും ഉയര്‍ന്നു. അദാലത്ത് നടത്തുന്നതിനുള്ള സാധ്യത ആരായുമെന്ന് ചെയര്‍പേഴ്സനും തുകയിലെ വൈരുദ്ധ്യം ബാങ്കുമായി ബന്ധപ്പെട്ട് പരിശോധിക്കുമെന്ന് വൈസ് ചെയര്‍മാന്‍ സി. ശ്രീകുമാരനും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.