അഞ്ച് റേഷന്‍ കടകളില്‍ വിജിലന്‍സ് പരിശോധന: രണ്ടര ലക്ഷം രൂപയുടെ തിരിമറി കണ്ടത്തെി

പാലക്കാട്: ബി.പി.എല്‍, ഐ.എ. വൈ കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ വിഹിതത്തില്‍ റീട്ടെയില്‍ വ്യാപാരികള്‍ വെട്ടിപ്പ് നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം പാലക്കാട് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ജില്ലയില്‍ അഞ്ച് റേഷന്‍ കടകളില്‍ മിന്നല്‍ പരിശോധന നടത്തി. അഞ്ച് കടകളിലും വെട്ടിപ്പ് കണ്ടത്തെി. ആകെ 2,58,924 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. ബുധനാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചക്ക് രണ്ടുവരെ ഒരേ സമയമായിരുന്നു പരിശോധന. മണ്ണാര്‍ക്കാട് പുറ്റാനിക്കാട് മൊയ്തുട്ടിയുടെ എ.ആര്‍.ഡി 71ാം നമ്പര്‍ ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ 5646 കിലോ അരിയും 616 കിലോ ഗോതമ്പും 212 കിലോ പഞ്ചാസാരയും 285 ലിറ്റര്‍ മണ്ണെണ്ണയും 210 കിലോ ആട്ടയും കുറവുള്ളതായി കണ്ടത്തെി. ഇതില്‍ 2,10,445 രൂപ നഷ്ടം കണക്കാക്കി. വടക്കഞ്ചേരി കണയങ്കന്‍തുരുത്തി രാധാകൃഷണന്‍െറ എ.ആര്‍.ഡി 90ാം നമ്പര്‍ കടയില്‍ നടത്തിയ പരിശോധനയില്‍ 134 കിലോ അരിയും 11 കിലോ ഗോതമ്പും കുറവുള്ളതായി കണ്ടത്തെി. ഇവിടെ 7200 രൂപയുടെ നഷ്ടം കണക്കാക്കി. വാളയാര്‍ ചന്ദ്രാപുരത്ത് റാഫിയുടെ എ.ആര്‍.ഡി 97ാം നമ്പര്‍ കടയില്‍ നടത്തിയ പരിശോധനയില്‍ 159 കിലോ അരിയും 70 കിലോ ഗോതമ്പും കുറവുണ്ടായിരുന്നു. 7500 രൂപയുടെ നഷ്ടമുണ്ട്. പുതുശ്ശേരിയിലെ രവീന്ദ്രന്‍െറ എ.ആര്‍.ഡി 93ാം നമ്പര്‍ കടയില്‍ നടത്തിയ പരിശോധനയില്‍ 166 കിലോ അരിയും 119 കിലോ ഗോതമ്പും 30 ലിറ്റര്‍ മണ്ണെണ്ണയും കുറവുണ്ട്. നഷ്ടം 11,740 രൂപ. ചിറ്റൂര്‍ പട്ടഞ്ചേരിയില്‍ കൃഷ്ണന്‍െറ ഉടമസ്ഥതയിലുള്ള എ.ആര്‍.ഡി 15 കടയില്‍ നടത്തിയ പരിശോധനയില്‍ 665 കിലോ അരിയും 107 കിലോ ഗോതമ്പും കുറവുണ്ടായിരുന്നു. 22,036 രൂപയുടെ നഷ്ടമുള്ളതായി കണ്ടത്തെി. രേഖകളില്‍ വ്യാപക കൃത്രിമവും നടന്നിട്ടുണ്ട്. റേഷന്‍ കാര്‍ഡുകളും പരിശോധിച്ചു. അളവ് കുറച്ചുനല്‍കുന്നതായും കണ്ടത്തെി. ഡിവൈ.എസ്.പി എം. സുകുമാരന്‍, സി.ഐമാരായ എസ്. സുനില്‍കുമാര്‍, കെ.എം. പ്രവീണ്‍കുമാര്‍, ഫിറോസ് എം. ഷെഫീഖ്, കെ. വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പട്ടാമ്പി, പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളിലെ താലൂക്ക് സപൈ്ള ഓഫിസര്‍മാരും റവന്യൂ ഇന്‍സ്പെക്ടര്‍മാരും റെയ്ഡില്‍ പങ്കെടുത്തു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.