നഗരസഭയുടെ ശ്രമങ്ങള്‍ പാളുന്നു

പാലക്കാട്: നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ നഗരസഭയുടെ തീവ്രശ്രമങ്ങള്‍ തുടക്കത്തില്‍ തന്നെ പാളുന്നു. നഗരസഭാ ഭരണസമിതിയിലെ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഇത്തരം ഓപ്പറേഷനില്‍ അതൃപ്തി വളരുന്നതായി സൂചനയുണ്ട്. കഴിഞ്ഞദിവസം നഗരത്തിന്‍െറ വിവിധ സ്ഥലങ്ങളില്‍നിന്ന് 13 കന്നുകാലികളെ പിടികൂടി ബന്ധപ്പെട്ടവരില്‍നിന്ന് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് ചില കൗണ്‍സിലര്‍മാര്‍ അതൃപ്തി രേഖപ്പെടുത്തിയതായി അറിയുന്നു. ഏറ്റവും ഒടുവില്‍ പട്ടിക്കരയിലെ ആരോഗ്യവിഭാഗം ഡിവിഷന്‍ കാര്യാലയത്തിനടുത്തുനിന്ന് കന്നുകാലികളെ പിടികൂടിയതിനെതിരെ ജനപ്രതിനിധി ഇടപെടല്‍ നടത്തിയത് ഭരണ തലങ്ങളില്‍ തന്നെ അതൃപ്തി വളര്‍ത്തുകയാണ്. വാഹനാപകടങ്ങള്‍ക്കിരയായി അത്യാഹിത മരണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് കന്നുകാലികളെ പിടികൂടല്‍ യജ്ഞത്തിന് നഗരസഭ തുടക്കമിട്ടത്. പിടികൂടുന്ന വളര്‍ത്തുമൃഗങ്ങളെ വിട്ടയക്കാന്‍ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ തന്നെ ഇടപെടുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നു. പൊതുസ്ഥലങ്ങളില്‍ സ്വതന്ത്രമായി അഴിച്ചുവിടുന്ന കാലികളെ പിടികൂടാന്‍ നഗരത്തില്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം നഗരസഭയുടെ പരിഗണനയിലാണ്. കന്നുകാലി ശല്യം അനിയന്ത്രിതമായ സാഹചര്യത്തില്‍ കര്‍ശന നിലപാടുകളുമായി നഗരസഭ മുന്നോട്ടുപോവുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.